ഹൽദ്വാനിയിൽ ജാഗ്രത തുടരുന്നു; കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ

ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു

Update: 2024-02-11 02:11 GMT
Advertising

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ജാഗ്രത തുടരുന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. സംഘർഷത്തിൽ ആകെ ആറുപേരാണ് മരിച്ചത്.

സംഘർഷമുണ്ടായി നാലാം ദിവസം ആകുമ്പോൾ ഹൽദ്വാനിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം ആണെങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. കർഫ്യൂ നിലവിലുള്ള ബന്‍ഭൂല്‍പുരയിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമെ തുറന്നു പ്രവർത്തിക്കുന്നുള്ളൂ.

സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് വിലക്കും തുടരുന്നു. ഹൽദ്വാനിയിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും നിരന്തരം പെട്രോളിങ്ങും പരിശോധനകളും നടത്തുകയാണ്.

സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെയും ഉടൻ പിടികൂടുമെന്ന്‌ പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഒരു മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണവും പുരോഗമിക്കുകയാണ്. ഭൂമി കയ്യേറ്റം ആരോപിച്ച് ബന്‍ഭൂല്‍പുരയിൽ മദ്രസ പൊളിച്ചതിനെ തുടർന്നാണ് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News