'ദുരഭിമാനക്കൊലകൾ തടയാൻ പ്രത്യേക നിയമനിർമാണം വേണം'; സുപ്രിംകോടതിയിൽ ഹരജി നൽകി ടിവികെ

ടിവികെക്ക് പുറമെ വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ), സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികളും ദുരഭിമാനക്കൊലക്ക് എതിരെ പ്രത്യേക നിയമനിർമാണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2025-08-29 11:55 GMT

ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലപാതകങ്ങൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) സുപ്രിംകോടതിയിൽ ഹരജി നൽകി. നിലവിലുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്നും കുറ്റവാളികൾക്ക് ലഭിക്കുന്ന ശിക്ഷ മാതൃകാപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ടിവികെയുടെ പുതിയ നീക്കം.

സോഫ്റ്റ്‌വെയർ എൻജിനീയറും തൂത്തുകുടി സ്വദേശിയുമായ കെവിൻ (27)നെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന സുപ്രിംകോടതിയിൽ ഹരജി നൽകിയത്.

ജൂലൈ 27നാണ് കെവിൻ കൊല്ലപ്പെട്ടത്. പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയത്തിലായിരുന്ന കെവിൻ പെൺസുഹൃത്ത് ജോലി ചെയ്തിരുന്ന തിരുനെൽവേലി പാളയംകോട്ടൈയിലുള്ള ആശുപത്രിക്ക് സമീപം കാണാൻ ചെന്നപ്പോൾ സഹോദരൻ സുർജിത് ബലമായി പിടിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സുർജിത് പിന്നീട് പാളയംകോട്ടൈ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Advertising
Advertising

സുർജിതിന്റെ മാതാപിതാക്കൾ സംസ്ഥാന പൊലീസിൽ സബ് ഇൻസ്‌പെക്ടർമാരായിരുന്നു. പൊലീസ് കേസെടുത്തതോടെ ഇരുവരെയും സസ്‌പെൻഡ് ചെയ്തു. പിതാവ് ശരവണനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കെവിന്റെ കേസ് ഒറ്റപ്പെട്ടതല്ലെന്നാണ് തമിഴ്‌നാട്ടിലെ പ്രമുഖ ആക്ടിവിസ്റ്റുകൾ പറയുന്നത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന ദലിത് അവകാശ സംഘടനയായ 'എവിഡൻസ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം 2015 മുതൽ സംസ്ഥാനത്ത് ഏകദേശം 80ൽ കൂടുതൽ ജാതി അടിസ്ഥാനമാക്കിയുള്ള ദുരഭിമാന കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.

ടിവികെക്ക് പുറമെ വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ), സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികളും ദുരഭിമാനക്കൊലക്ക് എതിെൈര പ്രത്യേക നിയമനിർമാണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News