'യോഗി പോലും ഉറുദു വാക്കുകൾ ഉപയോഗിക്കുന്നു...സർക്കാരിന് വർഗീയ ചിന്ത'; യുപി നിയമസഭയിൽ ഉറുദു ഒഴിവാക്കിയതിൽ വാക്‌പോര്

മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷനേതാവ് മാതാ പ്രസാദ് പാണ്ഡെയും തമ്മിലാണ് ചൂടേറിയ വാഗ്വാദം നടന്നത്.

Update: 2025-02-23 10:38 GMT

ലഖ്‌നൗ: ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് നിയമസഭാ നടപടിക്രമങ്ങളുടെ വിവർത്തനത്തിൽ ഉറുദു ഒഴിവാക്കിയതിനെതിരെ ഉത്തർപ്രദേശ് നിയമസഭയിൽ വാക്‌പോര്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷനേതാവ് മാതാ പ്രസാദ് പാണ്ഡെയും തമ്മിലാണ് ചൂടേറിയ വാഗ്വാദം നടന്നത്.

നിയമസഭയിലെ തത്സമയ വിവരങ്ങൾ ഇനി ഇംഗ്ലീഷ്, അവധി, ഭോജ്പൂരി, ബ്രജ്, ബുണ്ടേലി ഭാഷകളിൽ ലഭ്യമാകുമെന്ന് സ്പീക്കർ സതീഷ് മഹാന പ്രഖ്യാപിച്ചു. സർക്കാർ ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ എസ്പി നേതാക്കൾ അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ അയച്ചു പഠിപ്പിക്കുകയാണെന്നും മറ്റുള്ളവരുടെ കുട്ടികൾ ഉറുദു പഠിച്ച് മൗലവിമാർ ആകട്ടെയെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും യോഗി വിമർശിച്ചു.

Advertising
Advertising

ഹിന്ദിയും ദേവനാഗരിയും യുപിയിൽ അംഗീകരിക്കപ്പെട്ട ഭാഷകളാണ്. വലിയ പോരാട്ടങ്ങളുടെ ഫലമായാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷകളുടെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കിയത്. അതാണിപ്പോൾ വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. യുപി നിയമസഭയിൽ പേപ്പറുകൾ ഇംഗ്ലീഷിൽ ഒപ്പുവെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഹിന്ദി ഭാഷക്കായി സമയം ചെയ്ത തങ്ങൾ ആ സമ്പദായം തിരിച്ചുകൊണ്ടുവരാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

യുപി പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ നിർബന്ധിത ഭാഷയായിരുന്ന ഇംഗ്ലീഷ് ഒഴിവാക്കിയത് മുലായം സിങ് യാദവ് ആയിരുന്നുവെന്ന് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷനേതാവ് പറഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ബിഡിഒ പോലുള്ള ഉന്നത പദവികളിലേക്ക് ഗ്രാമീണ യുവാക്കൾ കടന്നുവരാൻ ഇത് സഹായകരമായെന്നും മാതാ പ്രസാദ് പറഞ്ഞു.

ഭോജ്പൂരി, ബുണ്ടേലി തുടങ്ങിയ ഭാഷകൾ ഉൾപ്പെടുത്തിയതിന് തങ്ങൾ എതിരല്ല. അതുപോലെ ഉറുദു സംസാരിക്കുന്ന അംഗങ്ങളും നിയമസഭയിലുണ്ട്. ഉറുദു മാത്രമല്ല താൻ ആവശ്യപ്പെട്ടത്. സംസ്‌കൃതവും ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. നമ്മുടെ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും ഭാഷയാണത്. എന്നാൽ ഉറുദു ഉൾപ്പെടുത്തണമെന്ന് പറഞ്ഞത് മാത്രമാണ് മുഖ്യമന്ത്രി കേട്ടതെന്നും മാതാ പ്രസാദ് പറഞ്ഞു.

ഇംഗ്ലീഷിനെക്കാൾ ഉറുദു ആണ് എല്ലാവരും സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ തന്നെ പ്രസംഗങ്ങൾ ഉറുദു വാക്കുകളാൽ നിറഞ്ഞതാണ്, എന്നാൽ അത് ന്യൂനപക്ഷങ്ങളുടെ ഭാഷയാണെന്ന് വിശ്വസിക്കുന്നതിനാൽ അദ്ദേഹം ഉറുദു ഉപയോഗിക്കില്ല. എന്നിരുന്നാലും, ഹിന്ദുസ്ഥാനിലും പാകിസ്താനിലും പ്രധാനമായും ഉറുദു ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. ഉറുദു ഉപയോഗിച്ചതിന്റെ പേരിൽ പ്രശസ്ത എഴുത്തുകാരനായ ഫിറാഖ് ഗോരഖ്പൂരിയെ മുഖ്യമന്ത്രി മതഭ്രാന്തനായി കണക്കാക്കുമോ? ഫിറാഖ് മാത്രമല്ല, മുൻഷി പ്രേംചന്ദ് പോലും സ്‌കൂളിൽ ഉറുദു പഠിച്ചു, അദ്ദേഹത്തിന്റെ ആദ്യ രചന ഉറുദുവിലായിരുന്നു. അദ്ദേഹവും ആ ഗണത്തിൽപ്പെടുമോ? അവരുടെ പ്രശ്‌നം ഭാഷയല്ല, വർഗീയ ചിന്താഗതിയാണെന്നും മാതാ പ്രസാദ് ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News