21,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ അദാനി തുറമുഖം ഏത് സംസ്ഥാനത്താണ്? ആ കേസ് എന്തായി? ഉദ്ധവ് താക്കറെ

തള്ളിക്കളയുമ്പോൾ മുഖത്ത് ആസിഡ് ഒഴിക്കുന്ന കാമുകനെപ്പോലെയാണ് നിങ്ങൾ മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്തുന്നതെന്ന് ഉദ്ധവ് താക്കറെ ബിജെപിയെ കുറ്റപ്പെടുത്തി

Update: 2021-10-16 06:19 GMT

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രശസ്തിക്കായി സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ് എന്‍സിബി. അദാനി ഗ്രൂപ്പിന്‍റെ കീഴിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് എന്തായെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

സെലിബ്രിറ്റികളെ ബോധപൂര്‍വം ലക്ഷ്യം വെച്ച്, മഹാരാഷ്ട്ര മയക്കുമരുന്നിന്‍റെ കേന്ദ്രമാണെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമമെന്ന് ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. ശിവസേനയുടെ വാര്‍ഷിക റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ- "അവര്‍ സെലിബ്രിറ്റികളെ പിടികൂടുന്നു, ഫോട്ടോ എടുക്കുന്നു, ബഹളമുണ്ടാക്കുന്നു. ഗുജറാത്തില്‍ അദാനി ഗ്രൂപ്പ് ഓപ്പറേറ്റ് ചെയ്യുന്ന മുന്ദ്ര തുറമുഖത്തു നിന്ന് 3000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്ദ്ര തുറമുഖം ഏത് സംസ്ഥാനത്താണ്?"

Advertising
Advertising

എന്‍സിബി ചെറിയ കഞ്ചാവ് പൊതികള്‍ പിടികൂടുമ്പോള്‍ ഞങ്ങളുടെ പൊലീസ് 150 കോടിയുടെ മയക്കുമരുന്ന് പിടികൂടി. നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യൂ. ഞങ്ങളുടെ പൊലീസ് ധീരന്മാരാണെന്നും ഉദ്ധവ് താക്കറെ എന്‍സിബിയെ വിമര്‍ശിച്ചു.

രാജ്യത്തെ യുവതലമുറ തൊഴിലില്ലായ്മ കാരണം വലയുകയാണ്. അവര്‍ക്ക് ജോലി നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് കീഴിലെ ബോംബ് പോലെ പൊട്ടിത്തെറിക്കും. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പറഞ്ഞ് അവരെ ക്രിമിനലെന്ന് മുദ്ര കുത്തുന്നു. അവര്‍ക്ക് ജോലി കിട്ടുന്നില്ലെങ്കില്‍ നമുക്കെങ്ങനെ അവരെ കുറ്റപ്പെടുത്താനാവും? അവരെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുന്നില്ലെങ്കില്‍ നമ്മളാണ് തെറ്റുകാരെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ബിജെപിയെ തള്ളിയ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കം. തള്ളിക്കളയുമ്പോൾ മുഖത്ത് ആസിഡ് ഒഴിക്കുന്ന  കാമുകനെപ്പോലെയാണ് നിങ്ങൾ മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്തുന്നതെന്നും ഉദ്ധവ് താക്കറെ ബിജെപിയെ കുറ്റപ്പെടുത്തി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News