Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം വിമാനയാത്രക്കാരുടെ ഏറ്റവും വലിയ ആശങ്ക ആകാശയാത്രയിലെ സുരക്ഷയെക്കുറിച്ചാണ്. ആ ദുരന്തം വിമാനയാത്രക്കാരെ കൂടുതൽ ആശങ്കാകുലരാക്കിയിരുന്നു. വിവിധ എയർലൈനുകളിൽ നിന്നുള്ള വിമാനങ്ങളിലും ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകാശയാത്ര സുരക്ഷിതമാണോ എന്ന ചർച്ച സജീവമാണ്.
അതിനിടയിലാണ് വാർഷിക എയർലൈൻ ഓഡിറ്റ് റിപ്പോർട്ട് ഡിജിസിഎ പുറത്തുവിട്ടത്. ഇന്ത്യയിൽ സർവീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികളിൽ ചെറുതും വലുതുമായ 263 സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) റിപ്പോർട്ട് പറയുന്നു.
ഇതിൽ 19 എണ്ണം ഗുരുതരമായതും 244 എണ്ണം ചെറിയ വീഴ്ചകളാണെന്നും ഡിജിസിഎ അറിയിച്ചു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനി ഏതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവരുന്നത്. ഡിജിസിഎ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഒരു എയർലൈൻ പോലും പ്രശ്നങ്ങളില്ലാതെ ഓഡിറ്റ് റിപ്പോർട്ടിൽ പാസായിട്ടില്ല.
വിമാനങ്ങളുടെ സുരക്ഷയെ രണ്ട് തരങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. ലെവൽ 1 (കൂടുതൽ ഗുരുതരമായവ) ലെവൽ 2 (ചെറിയ പ്രശ്നങ്ങൾ).
ലെവൽ-1 ( MORE SERIOUS ISSUES): സുരക്ഷാവീഴ്ചകളിൽ ടാറ്റ-എസ്ഐഎ എയർലൈൻസ് (ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭം) ആണ് ഒന്നാം സ്ഥാനത്താണ്. 10 സുരക്ഷാവീഴ്ചകളാണ് ഇവരിൽ കണ്ടെത്തിയത്. എയർ ഇന്ത്യയാണ് (7 പ്രശ്നങ്ങൾ) രണ്ടാം സ്ഥാനത്ത്. എയർ ഇന്ത്യ എക്സ്പ്രസാണ് (2) മൂന്നാമത്.
ലെവൽ-2 ( MINOR ISSUES): സുരക്ഷാവീഴ്ചകളിൽ അലയൻസ് എയർ ഒന്നാമതും (57 പ്രശ്നങ്ങൾ), എയർ ഇന്ത്യ( 44 ) രണ്ടാമതുമാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻ ആയ ഘോദാവത് സ്റ്റാർ (41) മൂന്നാം സ്ഥാനത്തും ക്വിക്ക്ജെറ്റ് (35) നാലാമതുമാണ്. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് അഞ്ചാമത്. ഇരുകമ്പനികളിലും 23 വീതം പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. സ്പൈസ്ജെറ്റ് (14 ) ടാറ്റ-എസ്ഐഎ എയർലൈൻസ് (7) എന്നിങ്ങനെയാണ് മറ്റു വിമാനക്കമ്പനികളിലെ കണക്കുകൾ.