ബിജെപി സർക്കാർ ജയിലടച്ച മാധ്യമപ്രവർത്തകൻ: ആരാണ് പാക് പ്രചാരണം പൊളിച്ചടുക്കുന്ന സുബൈർ?

അതിശക്തമായി വ്യാജവാർത്തകൾ വാർത്താലോകത്തെ കീഴടക്കുമ്പോഴാണ് സുബൈറിന്റെ ഇടപെടൽ നിർണായകമാവുന്നത്

Update: 2025-05-10 06:30 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂ ഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ വലിയ തോതിലുള്ള വ്യാജവാർത്ത പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. സത്യമേത്, മിഥ്യയേതെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ വിവരങ്ങൾ വന്ന് നിറയുന്നതാണ് എങ്ങും കാണുന്നത്. ഇതിനിടയിലാണ് ഒരു പേര് വേറിട്ട് നിൽക്കുന്നത്. പാക് നുണകളെ പൊളിച്ചടുക്കുന്ന മുഹമ്മദ് സുബൈർ. നേരത്തെ കേന്ദ്രസർക്കാർ ജയിലിലടച്ച, സംഘ്പരിവാറിന്റെ ആക്രമണങ്ങൾ നിരന്തരം ഏറ്റുവാങ്ങിയ മാധ്യമപ്രവർത്തകനാണ് സുബൈർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്താൻ പടച്ചു വിടുന്ന നുണകളെയാണ് സുബൈർ ഒറ്റരാത്രികൊണ്ട് നിർവീര്യമാക്കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ നൂറിലേറെ വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും സുബൈർ ഇത്തരത്തിൽ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

Advertising
Advertising

മാധ്യമപ്രവർത്തകനും, വസ്തുതാ പരിശോധകനും, വസ്തുത പരിശോധനാ വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനുമാണ് മുഹമ്മദ് സുബൈർ. 2017 ലാണ് സുബൈറും സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രതീക് സിൻഹയും ചേർന്ന് ആൾട്ട് ന്യൂസ് സ്ഥാപിച്ചത്. അക്കാലത്ത് നോക്കിയയിൽ ജോലി ചെയ്യുകയായിരുന്ന സുബൈർ ഒരു വർഷത്തോളം വെബ്‌സൈറ്റിന്റെ പ്രവർത്തനങ്ങളിൽ പ്രതീക് സിൻഹയെ സഹായിച്ചു. ശേഷം 2018 ൽ നോക്കിയയിലെ ജോലി ഉപേക്ഷിച്ച് ആൾട്ട് ന്യൂസിന്റെ മുഴുവൻ സമയ ജീവനക്കാരനായി. 2019 ഡിസംബർ 16-ന്, ആൾട്ട് ന്യൂസ് നടത്തുന്ന പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിലേക്ക് അദ്ദേഹത്തെ നിയമിച്ചു.

തീവ്രവലതുപക്ഷ നിലപാടുകൾക്കെതിരെ പരസ്യമായി ശബ്ദമുയർത്തിയിരുന്നു മുഹമ്മദ് സുബൈർ. വ്യാജവാർത്തകൾ കണ്ടെത്തി പരിശോധിക്കുകയും സത്യം പുറത്ത് കൊണ്ടുവരികയും ചെയ്തു. വർഗീയതയും വിദ്വേഷവും കലർന്ന പല പ്രചാരണങ്ങളെയും സുബൈർ ഇത്തരത്തിൽ പുറത്തെത്തിച്ചു. ഇതുമൂലം പലപ്പോഴായി സംഘ്പരിവാർ വർഗീയ വിദ്വേഷത്തിന് ഇരയായിട്ടുമുണ്ട്. പലയിടങ്ങളിലായി സുബൈറിനെതിരെ എഫ്ഐറുകളും രജിസ്റ്റർ ചെയ്തു. 2020 ൽ സുബൈറിനെ ബിജെപി സർക്കാർ ലക്ഷ്യമിടുകയാണെന്ന് പ്രതീക് സിൻഹയും ആരോപിച്ചിരുന്നു.

ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 2022 ജൂൺ 27ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ഒരു മാസത്തോളമാണ് സുബൈറിനെ ജയിലിലടച്ചത്. സുബൈർ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഡൽഹി പോലീസിനെ ടാഗ് ചെയ്ത ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്‌ഐആർ. 1983 ൽ പുറത്തിറങ്ങിയ ഒരു സിനിമയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചതായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഐപിസി സെക്ഷൻ 153- എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ) തുടങ്ങിയ കുറ്റങ്ങളായിരുന്നു സുബൈറിന് മേൽ ചുമത്തിയിരുന്നത്. ഇക്കാലത്തൊക്കെയും വ്യാപകമായ സൈബർ ആക്രമണങ്ങളാണ് സംഘ്പരിവാർ സുബൈറിന് നേരെ അഴിച്ച് വിട്ടത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് സുബൈർ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്. പാകിസ്താൻ പ്രചരിപ്പിച്ച നുണകളെ ഒന്നൊന്നായി ഇഴകീറി പരിശോധിക്കുകയും സത്യങ്ങൾ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിടുകയും ചെയ്തു സുബൈർ. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിൽ ഉണ്ടായ നാശനഷ്ടങ്ങൾ എന്ന പേരിൽ പാക് അനുകൂല ഗ്രൂപ്പുകൾ പ്രചരിപ്പിച്ച വീഡിയോകളുടെ സത്യാവസ്ഥ സുബൈർ എക്‌സിലൂടെ പങ്കുവെച്ചിരുന്നു. ഇസ്രായേലിൽ നിന്നും ഗസ്സയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന് സുബൈർ വിളിച്ചുപറഞ്ഞു. യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും മറ്റും പ്രചരിപ്പിച്ചതും സുബൈർ തെളിവുകൾ പങ്കുവെച്ച് പൊളിച്ചടുക്കി. ഇന്ത്യക്കാരുടെ എന്ന തരത്തിലും, ഇന്ത്യൻ സൈനികരുടെ എന്ന രീതിയിലും നിർമ്മിക്കപ്പെട്ട വ്യാജ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു. ഇത്തരം സാമൂഹ്യമാധ്യമ പേജുകൾ പലതും പാകിസ്താനിൽ നിന്ന് നിർമ്മിക്കപ്പെട്ടവയായിരുന്നു. ഹാമിദ് മീറടക്കമുള്ള പ്രമുഖ പാക് മാധ്യമപ്രവർത്തകരും ഈ വ്യാജവാർത്തകൾ പങ്കുവെച്ചിട്ടുണ്ടായിരുന്നു. അവരെ തിരുത്താനും സുബൈറും സംഘവും മറന്നില്ല.

പോസ്റ്റുകൾക്കൊപ്പം വ്യാജവാർത്തയ്ക്ക് കീഴെ കമന്റുകളായി സുബൈർ ഇത്തരം പ്രചാരങ്ങളെ തള്ളി സത്യം പങ്കുവെച്ചു. ബുധനാഴ്ച രാത്രി മാത്രം 150 ലേറെ വാർത്തകളുടെയും ദൃശ്യങ്ങളുടെയും വസ്തുത സുബൈർ ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ മാധ്യമങ്ങളിൽ ചിലതും സത്യമെന്ന് കരുതി വ്യാജദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. അതിശക്തമായി വ്യാജവാർത്തകൾ വാർത്താലോകത്തെ കീഴടക്കുമ്പോഴാണ് സുബൈറിന്റെ ഇടപെടൽ നിർണായകമാവുന്നത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News