'എച്ച്ഐവി രോഗികളെപ്പോലും സുഖമാക്കിയെന്ന് അവകാശ വാദം'; ദശലക്ഷണക്കിന് അനുയായികളുള്ള പഞ്ചാബ് പാസ്റ്റര്‍ ലൈംഗികാതിക്രമക്കേസിൽ പ്രതി

22കാരിയുടെ പരാതിയിലാണ് കേസെടുത്തത്

Update: 2025-03-07 06:11 GMT
Editor : Jaisy Thomas | By : Web Desk

ജലന്ധര്‍: 'മേരാ യേശു യേശു' വീഡിയോകളിലൂടെ പ്രശസ്തനായ പഞ്ചാബിലെ പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിനെതിരെ ലൈംഗാതിക്രമക്കേസ്. അത്ഭുത രോഗശാന്തി നല്‍കുമെന്ന് സ്വയം അവകാശപ്പെടുന്ന ഇയാൾക്ക് ലോകമെമ്പാടുമുള്ള 260 പള്ളികളുടെ അധ്യക്ഷനാണെന്നാണ് പറയുന്നത്. എന്നാൽ പഞ്ചാബ് പൊലീസിനെ സംബന്ധിച്ചിടത്തോളം, അയാൾ നിലവിൽ ലൈംഗിക പീഡനക്കേസിലെ പ്രതി മാത്രമാണ്. ഇയാൾ ഇതുവരെ കീഴടങ്ങിയിട്ടില്ല. ആരോപണങ്ങൾ നിഷേധിച്ച സിങ് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28നാണ് 42കാരനായ സിങ്ങിനെതിരെ കപൂർത്തല സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. 22കാരിയുടെ പരാതിയിലാണ് കേസെടുത്തത്. ജലന്ധറിലെ താജ്പൂർ ഗ്രാമത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡത്തിന്‍റെ തലവനായ സിംഗിനെതിരെ ലൈംഗിക പീഡനം, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 16-17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി അദ്ദേഹത്തിന്‍റെ പള്ളിയിൽ പോകാൻ തുടങ്ങിയതെന്നും വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.യുവതിയുടെ മൊബൈൽ നമ്പര്‍ വാങ്ങി പാസ്റ്റര്‍ മെസേജുകൾ അയക്കുക പതിവായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ഭയമായിരുന്നു.

Advertising
Advertising

2022 മുതലാണ് ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കാൻ തുടങ്ങിയത്. ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിലെ ക്യാബിനിൽ ഒറ്റയ്ക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും സ്പർശിക്കുകയും ചെയ്തതായി പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഹരിയാനയിലെ യമുനനഗറിലെ ഒരു ഹിന്ദു ജാട്ട് കുടുംബത്തിലാണ് സിങ് ജനിച്ചത്.ഏകദേശം 15 വർഷം മുമ്പ് നടന്ന ഒരു കൊലപാതക കേസിൽ ജയിലിലായിരിക്കെ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. 2012-ൽ മോചിതനായ ശേഷം, അദ്ദേഹം താജ്പൂർ പള്ളി സ്ഥാപിക്കുന്നതിനുമുമ്പ് മൊഹാലിയിൽ പ്രസംഗങ്ങൾ നടത്തി സുവിശേഷ പ്രസംഗകനായി. താജ്പൂർ ചർച്ചിന് ഇപ്പോൾ പഞ്ചാബിൽ 23 ശാഖകളുണ്ടെന്നും കാനഡ, യുകെ, ദുബൈ എന്നീ സ്ഥലങ്ങളിലുൾപ്പെടെ ഇന്ത്യയ്ക്ക് പുറത്ത് നിരവധി ശാഖകളുണ്ടെന്നും ഇന്ത്യൻ എക്സസ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജേന്ദര്‍ സിങ്ങിനെ പാപ്പ എന്നാണ് അനുയായികൾ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്, അദ്ദേഹത്തിന്റെ വീഡിയോകൾ യൂട്യൂബ് ഷോർട്ട്സിലും ഇൻസ്റ്റാഗ്രാം റീലുകളിലും വ്യാപകമാണ്. അദ്ദേഹത്തിന്‍റെ പ്രാര്‍ഥനായോഗങ്ങളിൽ പലപ്പോഴും വേദിയിൽ അത്ഭുതങ്ങൾ കാണിക്കുന്നുണ്ടെന്നാണ് ഭക്തര്‍ അവകാശപ്പെടുന്നത്. 3.74 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യുട്യൂബ് ചാനലും ഇയാൾക്കുണ്ട്.

'മേരാ യേശു യേശു' എന്ന ഗാനം ആലപിക്കുന്ന ഇദ്ദേഹത്തിന്‍റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എച്ച്ഐവി പോലുള്ള മാരകരോഗങ്ങൾ സുഖപ്പെടുത്തിയതായി സിങ് അവകാശപ്പെടുന്നു. കൂടാതെ ഊമയായവര്‍ സംസാരിച്ചതായും പറയുന്നു. സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുള്ള സിങ്ങിന്‍റെ പ്രാര്‍ഥനാ യോഗങ്ങളിൽ പങ്കെടുത്തത് ഭാഗ്യമായി കരുതുന്നതായി ജയപ്രദ, അർബാസ് ഖാൻ, തുഷാർ കപൂർ, ചങ്കി പാണ്ഡെ, ആദിത്യ പഞ്ചോളി തുടങ്ങിയവര്‍ പറയുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതി കൂടിയാണ് സിങ്. 2018ൽ ബലാത്സംഗക്കേസിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ലണ്ടനിലേക്ക് പറക്കുന്നതിനിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. മൊഹാലി കോടതിയുടെ പരിഗണനയിലാണ് കേസ്. അടുത്തിടെ അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2021ൽ ഒരു ആൺകുട്ടിയെ അന്ധവിശ്വാസ പ്രവര്‍ത്തനങ്ങളിൽ പങ്കെടുപ്പിച്ചുവെന്ന് ആരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. 2022-ൽ, കാൻസർ ബാധിച്ച് മകളെ ചികിത്സിക്കാൻ സിങ് പണം വാങ്ങിയതായി ഡൽഹിയിലെ ഒരു കുടുംബം ആരോപിച്ചിരുന്നു. പിന്നീട് ഈ കുട്ടി മരിച്ചിരുന്നു.

2023-ൽ ആദായനികുതി വകുപ്പ് സിങ്ങിന്‍റെ പള്ളിയിൽ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. സംഭാവനകളില്‍ നിന്നും എണ്ണകൾ, സോപ്പുകൾ തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കുന്നതിലൂടെയുമാണ് പള്ളിക്ക് വരുമാനം ലഭിക്കുന്നതെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് പള്ളിയിൽ പ്രാര്‍ഥനായോഗങ്ങൾ നടക്കാറുള്ളത്. രോഗശാന്തി തേടി ആയിരങ്ങളാണ് ഇവിടെയെത്തുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News