കോവാക്‌സിന് അംഗീകാരം, ഒക്‌ടോബറില്‍ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന

പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

Update: 2021-09-30 11:47 GMT
Editor : abs | By : Web Desk

അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിന് അംഗീകാരം നല്കുന്ന കാര്യം ഒക്ടോബറില്‍ തീരുമാനിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഏറ്റവും പുതിയ കോവിഡ് വാക്‌സിനുകളുടെ മൂല്യനിര്‍ണയ നടപടികള്‍ തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന വെബ്‌സൈറ്റില്‍ പറയുന്നു. കോവാക്‌സിന്‍ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മിക്കുന്നത്. നിലവില്‍ കോവാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്കുള്ള തടസം നീങ്ങും. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ പൂര്‍ണമായും സമാഹരിച്ച് ജൂലൈയില്‍ തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഭാരത് ബയോട്ടക് പറഞ്ഞു.

Advertising
Advertising

ഇന്ത്യയില്‍ നിര്‍മിക്കുന്ന വക്‌സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. ഫൈസര്‍ ബയോട്ടക്ക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിന് 2021 ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയെ കൂടാതെ നിലവില്‍ എട്ട് രാജ്യങ്ങള്‍ കോവാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, പാരഗ്വായ്, ഫിലിപൈന്‍സ്, സിംബാബ്‌വെ എന്നീ രജ്യങ്ങളാണ് കോവാക്‌സിന്‍ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News