'മുട്ടക്കറി ഉണ്ടാക്കിക്കൊടുത്തില്ല'; ഭാര്യയോട് പിണങ്ങി ഭര്‍ത്താവ് ജീവനൊടുക്കി
ഭർത്താവിന്‍റെ ദീർഘായുസ്സിനും സമൃദ്ധിക്കും വേണ്ടി ഉപവാസമിരിക്കുകയാണെന്ന് ഭാര്യ തികുറാമിനോട് പറഞ്ഞിരുന്നു
ഛത്തീസ്ഗഢ്: ഭാര്യ മുട്ടക്കറി പാകം ചെയ്യാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 40 വയസുകാരന്‍ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിയിലാണ് സംഭവം നടന്നത്.തികുറാം സെൻ എന്നയാളാണ് മരിച്ചത്. താന്‍ ആവശ്യപ്പെട്ടിട്ടും ഭാര്യ മുട്ടക്കറി പാകം ചെയ്യാന്‍ സമ്മതിച്ചില്ലെന്നും ഭാര്യയോട് ദേഷ്യപ്പെട്ട് വീടു വിട്ടിറങ്ങിയ തികുറാമിനെ പിന്നീട് വീടിനടുത്ത് തന്നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വീട്ടിലേക്ക് കുറച്ച് മുട്ടകള്‍ വാങ്ങിക്കൊണ്ടുവന്നതിന് ശേഷമാണ് തികുറാം ഭാര്യയോട് ഇന്ന് ഭക്ഷണത്തിന് മുട്ടക്കറി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ 'കരു ഭാത്' ഉത്സവ ദിവസമാണെന്നും അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാൻ പോകുകയാണെന്നും ഭാര്യ പറഞ്ഞു.
വിവാഹിതരായ സ്ത്രീകള്‍ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉപവാസം അനുഷ്ഠിക്കാറുള്ളത്. ഉപവാസത്തിന്‍റെ തലേന്ന് അവർ കയ്പക്കകൊണ്ട് ഉണ്ടാക്കുന്ന വിഭവം ഇവര്‍ തയ്യാറാക്കും.ഇത് കഴിച്ചാണ് സ്ത്രീകള്‍ ഉപവാസം ആരംഭിക്കുന്നത്. ഇക്കാരണത്താല്‍ തനിക്ക് മുട്ടക്കറി ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ഭാര്യ തീര്‍ത്തു പറഞ്ഞു. എന്നാല്‍ ഇതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടാകുകയും തികുറാം വീട് വിട്ടുപോകുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തികുറാമിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)