കോണ്‍ഗ്രസ് വിടുമോ? അമരീന്ദറിനു മുന്‍പില്‍ ഇനിയെന്ത്? ആരാകും പഞ്ചാബിന്‍റെ പുതിയ 'ക്യാപ്റ്റന്‍'?

പ്രധാന പ്രതിയോഗിയായ സിദ്ദു പ്രധാന റോളിലെത്തുമ്പോൾ ക്യാപ്റ്റൻ സംസ്ഥാനരാഷ്ട്രീയത്തിൽ തന്നെ അപ്രസക്തനാകുമെന്നുറപ്പാണ്. അതിനാൽ, പാർട്ടി വിട്ട് ആംആദ്മി അടക്കമുള്ള മറ്റു സാധ്യതകളെക്കുറിച്ച് അമരീന്ദര്‍ ആലോചിച്ചാലും അത്ഭുതപ്പെടേണ്ടതില്ല

Update: 2021-09-18 15:46 GMT
Editor : Shaheer | By : Web Desk

പഞ്ചാബ് രാഷ്ട്രീയത്തിൽ ഏറെനാളായി പുകഞ്ഞുകൊണ്ടിരുന്ന കോൺഗ്രസ് അധികാരത്തർക്കത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായിരിക്കുകയാണ്. പഞ്ചാബ് സർക്കാരിന്റെയും സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെയും ഏറ്റവും കരുത്തനായ നേതാവ് അമരീന്ദർ സിങ് ഒടുവിൽ മുഖ്യമന്ത്രി പദവി രാജിവച്ചിരിക്കുന്നു. ഏറെനാളായി പാർട്ടിക്കുള്ളിൽനിന്നുള്ള അപമാനം ഇനിയും സഹിക്കാനാകില്ലെന്നാണ് അമരീന്ദർ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് വ്യക്തമാക്കിയതിനു പിറകെയാണ് രാജിപ്രഖ്യാപനവും വന്നിരിക്കുന്നത്.

ഭൂരിഭാഗം എംഎൽഎമാരും ആവശ്യപ്പെട്ടു; 'ക്യാപ്റ്റനെ മാറ്റണം'!

Advertising
Advertising

നവജ്യോത് സിങ് സിദ്ദുവിനെ പാർട്ടി ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവന്നതിനു പിറകെയാണ് പഞ്ചാബ് കോൺഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായത്. പാർട്ടി അധികാരങ്ങളെല്ലാം തിരിച്ചുകിട്ടിയതോടെ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കം സിദ്ദുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. പാർട്ടി എംഎൽഎമാരെ സ്വാധീനിച്ചായിരുന്നു സിദ്ദുവിന്റെ പടയൊരുക്കം.

നിലവിലെ സ്ഥിതിയിൽ അമരീന്ദറിനെ മുന്നിൽനിർത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നൊരു പ്രചാരണമാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഉയർന്നത്. ഇതേ പ്രചാരണം കോൺഗ്രസ് ഹൈക്കമാൻഡിനെയും ബോധിപ്പിക്കാനായി. ഇതിന്‍റെ തുടര്‍ച്ചയിലാണ് ഇന്ന് പാർട്ടി എംഎൽഎമാരുടെ അപ്രതീക്ഷിത യോഗത്തിനു തൊട്ടുമുൻപായി അമരീന്ദറിനോട് പാർട്ടി രാജി ആവശ്യപ്പെട്ടത്.

117 അംഗ നിയമസഭയിൽ 80 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ 50ഓളം പേരും അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന നിലപാടുകാരായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സോണിയ ഗാന്ധി അടക്കമുള്ള പാർട്ടി ഉന്നത നേതൃത്വത്തിന് എംഎല്‍എമാര്‍ ചേര്‍ന്ന് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്ത് പാർട്ടിക്കും സർക്കാരിനുമുള്ള മോശം പ്രതിച്ഛായയടക്കമുള്ള കാര്യങ്ങൾ ധരിപ്പിച്ചായിരുന്നു കത്ത്. പിന്നാലെയാണ് ഇന്ന് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി(സിഎൽപി) യോഗം എഐസിസി പ്രഖ്യാപിച്ചത്.

ഇന്നു വൈകീട്ടാണ് പഞ്ചാബ് നിയമസഭാ സാമാജികരുടെ യോഗം നിശ്ചയിച്ചിരുന്നത്. ഇതിനുമുൻപായി മന്ത്രിസഭാ പുനസംഘടന അടക്കമുള്ള പുതിയ നീക്കം നേതൃത്വം അമരീന്ദറിനെ ധരിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നേതൃമാറ്റവും മുഖച്ഛായാ നവീകരണവുമാണ് ലക്ഷ്യമിടുന്നതെന്ന് പാർട്ടി വ്യക്തമാക്കിയെങ്കിലും ക്യാപ്റ്റൻ അംഗീകരിച്ചില്ല. ഈ അപമാനം സഹിച്ച് പാർട്ടിയിൽ അധികകാലം മുന്നോട്ടുപോകാനാകില്ലെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചുകഴിഞ്ഞു. ഒടുവിൽ എംഎൽഎമാരുടെ യോഗത്തിനു തൊട്ടുമുൻപായി മുഖ്യമന്ത്രി പദവി രാജിവയ്ക്കുകയും ചെയ്തു.

പാർട്ടി വിടുമോ അമരീന്ദർ?

കോൺഗ്രസ് സംസ്ഥാനങ്ങളെല്ലാം ബിജെപി പിടിച്ചടക്കുമ്പോഴായിരുന്നു നാലരവർഷം മുൻപ് പഞ്ചാബിൽ പാർട്ടിയുടെ മിന്നുംവിജയം. ആ ജയത്തിനു മുന്നിൽനിന്നത് ക്യാപ്റ്റനും. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ക്യാപ്റ്റന് പടിയിറങ്ങേണ്ടിവന്നിരിക്കുന്നു. മൂന്നു മാസത്തോളമായി പലപ്പോഴായി അപമാനം നേരിടേണ്ടിവന്നുവെന്നാണ് അമരീന്ദർ പാർട്ടിയോട് പറഞ്ഞത്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയോഗിയായ സിദ്ദു പ്രധാന റോളിലെത്തുമ്പോൾ ക്യാപ്റ്റൻ സംസ്ഥാനരാഷ്ട്രീയത്തിൽ തന്നെ അപ്രസക്തനാകുമെന്നുറപ്പാണ്. അതിനാൽ, പാർട്ടി വിട്ട് ആംആദ്മി അടക്കമുള്ള മറ്റു സാധ്യതകളെക്കുറിച്ച് അദ്ദേഹം ആലോചിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

രാജ്യത്തിനു വേണ്ടി സിദ്ദുവിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ എതിർക്കുമെന്നാണ് ഇന്ന് അമരീന്ദർ വ്യക്തമാക്കിയത്. ഇത് ദേശസുരക്ഷയുടെ കാര്യമാണ്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അദ്ദേഹത്തിന്റെ സുഹൃത്താണ്. പാക് സൈനികമേധാവി ജനറൽ ഖമർ ജാവേദുമായും സിദ്ദുവിന് ബന്ധമുണ്ടെന്നും അമരീന്ദർ ഇന്ന് ആരോപിച്ചുകഴിഞ്ഞു. സിദ്ദു മുഖ്യമന്ത്രിയാകാൻ അയോഗ്യനാണ്. അദ്ദേഹമൊരു ദുരന്തമാകാൻ പോകുകയാണ്. താൻ കൊടുത്ത ഒരു മന്ത്രിസ്ഥാനം തന്നെ മര്യാദയ്ക്ക് കൈകാര്യം ചെയ്യാൻ അയാൾക്കായിട്ടില്ലെന്നും അമരീന്ദർ കുറ്റപ്പെടുത്തി.


'ക്യാപ്റ്റനാ'കാൻ ഇനി ആര്?

പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖർ ആണ് പുതിയ മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നയാള്‍. സുനിൽ മുഖ്യമന്ത്രിയായി വന്നാൽ ഹിന്ദു സിഖ് മുഖ്യമന്ത്രി, ജാട്ട് സിഖ് പാർട്ടി അധ്യക്ഷൻ എന്നൊരു സാമുദായിക സന്തുലനം കൊണ്ടുവരാൻ കോൺഗ്രസിനാകും. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ അനുഗ്രഹമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടാകണം.

ഒരുകാലത്ത് അമരീന്ദറിന്റെ അടുത്ത സഹായി കൂടിയായിരുന്നു സുനിൽ. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അമരീന്ദറിനെ സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കത്തെ പിന്തുണച്ച് സുനിൽ ജാഖർ രംഗത്തുണ്ട്. പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് അലക്‌സാണ്ടർ മാതൃകയിൽ പരിഹാരം കണ്ട രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് അദ്ദേഹം ഇന്ന് ട്വീറ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ, നിലവിൽ എംഎൽഎയല്ലാത്തതിനാൽ സുനിൽ ജാഖറിന് സാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്.

അമരീന്ദറിന്റെ ശക്തമായ എതിർപ്പുണ്ടെങ്കിലും നവജ്യോത് സിദ്ദുവിന്റെ പേരും മുഖ്യന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. അമരീന്ദറിനെക്കഴിഞ്ഞാൽ സിദ്ദുവിലും കരുത്തനായൊരു നേതാവ് പാർട്ടിക്ക് നിലവിലില്ല. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള മാറ്റമായതിനാൽ കരുത്തനായൊരു മുഖം തന്നെ മുഖ്യമന്ത്രിയായി വരേണ്ടതുമുണ്ട്. ഇതെല്ലാം സിദ്ദുവിന് അനുകൂലമാകുന്ന ഘടകങ്ങളാകും.

ഫത്തേഹ്ഗഢ് എംഎൽഎ കുൽജിത് സിങ് നാഗ്രയാണ് മറ്റൊരാൾ. സിദ്ദു ക്യാംപിലെ പ്രമുഖ നേതാവാണ് കുൽജിത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി എന്നിവരെ ചണ്ഡീഗഢ് വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയത് അദ്ദേഹമായിരുന്നു.

ഏതായാലും അധികം വൈകാതെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രഖ്യാപിക്കും. എതിർപ്പുകളൊഴിവാക്കാൻ സോണിയ ഗാന്ധി തന്നെ നേരിട്ടാകും പ്രഖ്യാപനം നടത്തുകയെന്നാണ് അറിയുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News