'അത് തെറ്റായ സന്ദേശം നൽകും'; ലഖിംപൂർഖേരി കൂട്ടക്കൊലയിൽ ആശിഷ് മിശ്രയുടെ ജാമ്യത്തെ എതിർത്ത് യു.പി സർക്കാർ

കൃത്യത്തിൽ ആശിഷ് മിശ്ര ഉൾപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരനാണെന്നും നിരപരാധിയല്ലെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

Update: 2023-01-19 10:14 GMT
Advertising

ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും ബി.ജെ.പി നേതാവുമായ ആശിഷ് മിശ്രയുടെ ജാമ്യത്തെ എതിർത്ത് യു.പി സർക്കാർ. സുപ്രിംകോടതിയിലാണ് സർക്കാർ പ്രതിനിധിയായ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ നിലപാട് വ്യക്തമാക്കിയത്.

നടന്നത് ഹീനവും ​ഗുരുതരവുമായ കുറ്റകൃത്യമാണെന്നും പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഉത്തർപ്രദേശ് അഡീഷനൽ എ.ജി ​ഗരിമ പ്രഷാദ് സുപ്രിംകോടതിയോട് പറഞ്ഞു. എന്തുകൊണ്ടാണ് ജാമ്യത്തെ എതിർക്കുന്നതെന്ന ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ ചോദ്യത്തോടാണ് എ.എ.ജി ഇക്കാര്യം വ്യക്തമാക്കിയത്.

ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് ഭയാനകമായ സന്ദേശമാണ് നൽകുന്നതെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. "ഇത് ഗൂഢാലോചനയും ആസൂത്രിത കൊലപാതകവുമാണ്. കുറ്റപത്രത്തിൽ അത് വ്യക്തമാണ്. ശക്തനായ ഒരു അഭിഭാഷകൻ പ്രതിനിധീകരിക്കുന്നയാണ് പ്രതി. ഏറെ സ്വാധീനമുള്ള വ്യക്തിയുടെ മകനാണ്"- അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഈ വാദത്തെ എതിർത്ത പ്രതിഭാ​ഗം അഭിഭാഷകൻ മുകുൾ റോഹ്ത്ത​ഗി, "ഇതെന്താണ്? ആരാണ് ശക്തൻ? ഞങ്ങൾ എല്ലാ ദിവസവും ഹാജരാകുകയാണ്. ജാമ്യം നൽകാതിരിക്കാൻ ഈ പറയുന്നതൊക്കെ ഒരു വ്യവസ്ഥയാകുമോ?" എന്ന് ചോദിച്ചു. തന്റെ കക്ഷി ഒരു വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും നിലവിലെ രീതിയിലാണെങ്കിൽ വിചാരണ പൂർത്തിയാക്കാൻ ഏഴ് മുതൽ എട്ട് വർഷം വരെ എടുക്കുമെന്നും റോഹ്ത്തഗി വാദിച്ചു.

കേസിലെ പരാതിക്കാരനായ ജഗ്ജീത് സിങ് ദൃക്‌സാക്ഷിയല്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണ് പരാതിയെന്നും റോഹ്ത്ത​ഗി അവകാശപ്പെട്ടു. തന്റെ കക്ഷിക്ക് ആദ്യഘട്ടത്തിൽ ജാമ്യം ലഭിച്ചു. തന്റെ വാദത്തിൽ സത്യമുണ്ടെന്നും ആശിഷ് മിശ്ര ഒരു കുറ്റവാളിയല്ലെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നും റോഹ്ത്തഗി അവകാശപ്പെട്ടു. എന്നാൽ കൃത്യത്തിൽ ആശിഷ് മിശ്ര ഉൾപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരനാണെന്നും നിരപരാധിയല്ലെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

2021 ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപൂർഖേരി ജില്ലയിലെ ടികുനിയയിൽ അന്നത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ പ്രതിഷേധിച്ചപ്പോൾ അവർക്കിടയിലേക്ക് ആശിഷ് മിശ്രയടക്കമുള്ളവർ കാറിടിച്ചു കയറ്റിയത്. ആശിഷ് മിശ്ര സഞ്ചരിച്ച കാർ നാല് കർഷകരെയാണ് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് രോഷാകുലരായ കർഷകർ ഒരു ഡ്രൈവറെയും രണ്ട് ബി.ജെ.പി പ്രവർത്തകരെയും മർദിച്ചു. അക്രമത്തിൽ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. കർഷകരെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആശിഷ് മിശ്രയ്ക്കും മറ്റ് 12 പേർക്കുമെതിരെ കഴിഞ്ഞ വർഷം ഡിസംബർ ആറിന് വിചാരണ കോടതി കുറ്റം ചുമത്തി.

സംഭവത്തിൽ ഐ.പി.സി 147, 148 (കലാപം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 326 (അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 427 (കുഴപ്പമുണ്ടാക്കുക), 120 ബി (ക്രിമിനൽ ഗൂഢാലോചന), മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 177 എന്നീ വകുപ്പുകൾ പ്രകാരമാണ് ആശിഷ് മിശ്ര ഉൾപ്പെടെ 13 പ്രതികൾക്കെതിരെ കേസെടുത്തത്..

അങ്കിത് ദാസ്, നന്ദൻ സിങ് ബിഷ്ത്, ലാതിഫ് കാലെ, സത്യ പ്രകാശ് ത്രിപാഠി, ശേഖർ ഭാരതി, സുമിത് ജയ്‌സ്വാൾ, ആശിഷ് പാണ്ഡെ, ലവ്കുശ് റാണ, ശിശു പാൽ, ഉല്ലാസ് കുമാർ എന്ന മോഹിത് ത്രിവേദി, റിങ്കു റാണ, ധർമേന്ദ്ര ബഞ്ചാര എന്നിവരാണ് മറ്റ് 12 പ്രതികൾ. ഇവരെല്ലാം നിലവിൽ ജയിലിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News