കർണാടകയിൽ സിദ്ധരാമയ്യ മാറുമോ? ഡി.കെ ശിവകുമാറിനായി വിശ്വസ്തർ ഡൽഹിയിൽ

സിദ്ധരാമയ്യയെ മാറ്റി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനാണ് ഒരുകൂട്ടം എംഎൽഎമാർ ഡൽഹിയിലെത്തിയത്

Update: 2025-11-21 08:25 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വിശ്വസ്തരായ ഒരു കൂട്ടം കോൺഗ്രസ് എംഎൽഎമാരും ഏതാനും മന്ത്രിമാരും ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തിയതായി റിപ്പോർട്ട്. സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനും കാര്യങ്ങള്‍ ധരിപ്പിക്കാനുമാണ് ഈ വിഭാഗം ദേശീയ തലസ്ഥാനത്ത് എത്തിയത്. 

കർണാടക മന്ത്രി എൻ. ചാലുവരായസ്വാമി, എംഎൽഎമാരായ ഇക്ബാൽ ഹുസൈൻ, എച്ച്.സി. ബാലകൃഷ്ണ, എസ്.ആർ. ശ്രീനിവാസ് എന്നിവരാണ് തലസ്ഥാനത്തുള്ളത്. ഡി.കെയോട് കൂറുപുലര്‍ത്തുന്ന കൂടുതല്‍ നിയമസഭാംഗങ്ങൾ കൂടി വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്.

Advertising
Advertising

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സിദ്ധരാമയ്യ സൂചന നൽകുകയും ശിവകുമാർ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. കഴിഞ്ഞ ബുധനാഴ്ച ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ്, അടുത്ത വർഷം പതിനേഴാമത് സംസ്ഥാന ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്. 2023-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു.

ഇരു നേതാക്കളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിലും നീണ്ട ചർച്ചകൾക്ക് ശേഷം, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയുമാക്കി ഒരു ഫോര്‍മുലയിലെത്തുകയായിരുന്നു. രണ്ടര വർഷത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുന്ന ഒരു റൊട്ടേഷൻ ഫോർമുലയ്ക്ക് നേതാക്കൾ സമ്മതിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു.  ആ രണ്ടര വർഷ കാലയളവാണ് നവംബറിൽ അവസാനിക്കുന്നത്. ഇതോടെയാണ് വീണ്ടും നേതൃമാറ്റ ചർച്ചകൾ ഉയരുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News