'അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍,കുടുംബത്തിന്‍റെ ഏക ആശ്രയം'; ജോലിക്കായി 22കാരി ദിവസവും സഞ്ചരിക്കുന്നത് 200 കിലോമീറ്റര്‍

ട്രെയിനിങ് കഴിഞ്ഞ് തനിക്ക് കേരളത്തിലായിരുന്നു നിയമനം ലഭിച്ചതെന്ന് ഖുഷി പറയുന്നു

Update: 2025-12-04 04:18 GMT
Editor : Lissy P | By : Web Desk

ലഖ്‌നൗ: 22കാരിയാണ് ഖുഷി ശ്രീവാസ്ത. ലഖ്‌നൗവിലെ മുൻനിര ബഹുരാഷ്ട്ര കമ്പനിയിലാണ് ഖുഷി ജോലി ചെയ്യുന്നത്. എന്നാല്‍ തന്‍റെ ജന്മനാടായ കാണ്‍പൂരില്‍ നിന്ന് ലഖ്‌നൗവിലെ ഓഫീസിലേക്കും തിരിച്ചുമായി ഒരു ദിവസം സഞ്ചരിക്കുന്നത് 200 കിലോമീറ്റര്‍ ദൂരമാണ്. കഴിഞ്ഞ അഞ്ചുമാസമായി ഖുഷി എല്ലാ ദിവസവും ട്രെയിനിലും ഓട്ടോറിക്ഷയിലുമായി ഈ ദൂരം സഞ്ചരിച്ചാണ് ജോലിക്ക് പോകുന്നതും വരുന്നതും.എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് യാത്ര ചെയ്ത് ജോലി ചെയ്യുന്നത് എന്നല്ലേ..അതിനുള്ള കാരണവും ഖുഷി പറയും..

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ 2024-ൽ ബിരുദം നേടിയ ഉടൻ തന്നെ ബഹുരാഷ്ട്ര കമ്പനിയിൽ ഖുഷിക്ക് ജോലി ലഭിച്ചു . ചെന്നൈയിലായിരുന്നു പരിശീലനം പൂർത്തിയാക്കിയത്.തുടര്‍ന്ന് കേരളത്തിലായിരുന്നു ഖുഷിക്ക് നിയമനം ലഭിച്ചത്.എന്നാല്‍ കേരളത്തില്‍ ജോലി ചെയ്യാന്‍‌ തനിക്ക് കഴിഞ്ഞില്ലെന്ന് ഖുഷി പറയുന്നു. 'എന്‍റെ കുടുംബത്തിന്‍റെ ഏക ആശ്രയം ഞാനാണ്.അമ്മയും സഹോദരനും മാത്രമാണ് വീട്ടിലുള്ളത്.അമ്മക്കാണെങ്കില്‍ നിരവധി അസുഖങ്ങളും മറ്റ് പ്രശ്നങ്ങളുമുണ്ട്. അതുകൊണ്ട് കുടുംബത്തെ വിട്ട് കേരളത്തില്‍ ജോലി ചെയ്യാന്‍ തനിക്ക് കഴിയില്ല..'ഖുഷി പറയുന്നു.

Advertising
Advertising

'കമ്പനിയുടെ ലഖ്‌നൗ ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിക്കാൻ  നിരവധി ശ്രമങ്ങൾ നടത്തി. ഒടുവിൽ, 2025 ഫെബ്രുവരിയിലാണ്  ലഖ്‌നൗ ഓഫീസിലേക്ക് സ്ഥലം മാറിയത്. എന്നാല്‍ കാണ്‍പൂരില്‍ നിന്ന് എല്ലാ ദിവസവും പോയി വരുന്നത് ബുദ്ധിമുട്ടായിരുന്നു. കാൺപൂരിലെ റെയിൽവേ സ്റ്റേഷനിലേക്കും കാൺപൂരിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ട്രെയിനിലേക്കും തുടർന്ന് ഓട്ടോറിക്ഷയിൽ ലഖ്‌നൗവിലെ ഓഫീസിലേക്കും ഒരു വശത്തേക്ക് മാത്രം ഏകദേശം 100 കിലോമീറ്റർ സഞ്ചരിക്കണം.  കാൺപൂരിൽ നിന്ന് എല്ലാ ദിവസവും രാവിലെ 7.30 ഓടെയാണ് ട്രെയിൻ പുറപ്പെടുക. വീട്ടിൽ നിന്ന് ഏകദേശം 6.40 ന് പുറപ്പെട്ട് രാവിലെ 7.10 ന് സ്റ്റേഷനിൽ എത്തും. ട്രെയിൻ ഏകദേശം രാവിലെ 9 മണിക്ക് ലഖ്‌നൗവിൽ എത്തും," ഖുഷി പറയുന്നു.

ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം,15 കിലോമീറ്റർ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചാണ് ഓഫീസിലേക്കെത്തുന്നത്. ഒമ്പത് മണിക്കൂർ ഷിഫ്റ്റ് പൂർത്തിയാക്കി വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് പോയി കാൺപൂരിലേക്ക് ട്രെയിൻ പിടിക്കും. ആഴ്ചയില്‍ അഞ്ചു ദിവസത്തെ ഈ ദീര്‍ഘദൂര യാത്ര കാരണം തനിക്ക് ഉറങ്ങാന്‍ പോലും സാധിക്കാറില്ലെന്നും ഖുഷി പറയുന്നു. യാത്രാച്ചെലവ് കൂടുതലാണെങ്കിലും കുടുംബത്തിന്‍റെ കൂടെ നില്‍ക്കുക എന്നത് അനിവാര്യമായിരുന്നു. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ എന്തിന് സ്വസ്ഥമായി ഒന്നിരിക്കാനോ എനിക്ക് സാധിച്ചിരുന്നില്ല. ജോലിയുടെ സമ്മര്‍ദം വേറെയും. ഒടുവില്‍ തന്‍റെ ആരോഗ്യത്തെ കൂടി അത് ബാധിക്കുമെന്ന് മനസിലായപ്പോള്‍ അടുത്തിടെ ലഖ്‌നൗവില്‍ ഒരു ചെറിയ വാടകവീട്ടിലേക്ക് മാറിയെന്നും അമ്മയെും അങ്ങോട്ട് കൊണ്ടുവന്നെന്നും ഖുഷി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News