18 മാസമായി ശമ്പളമില്ല; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ചന്ദ്രയാൻ 3യുടെ ഭാഗങ്ങളുണ്ടാക്കിയ ജീവനക്കാർ

'ഞങ്ങളുടെ കുട്ടികൾക്ക് കുടിക്കാൻ പാലില്ല. അവരുടെ സ്കൂളിലെ ഫീസടയ്ക്കാൻ ഞങ്ങൾക്ക് നിർവാഹമില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം'

Update: 2023-09-23 16:07 GMT

ന്യൂഡൽഹി: ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ ഭാ​ഗങ്ങൾ ഉണ്ടാക്കിയ ജീവനക്കാർ ശമ്പളമില്ലാത്തതിനെ തുടർന്ന് പ്രതിഷേധത്തിൽ. സർക്കാർ സ്ഥാപനമായ ഹെവി എ‍ഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡിലെ (എച്ച്ഇസി) ജീവനക്കാരാണ് കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഒന്നര വർഷമായി ശമ്പളം കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.

ചന്ദ്രയാൻ 3ന്‍റെ ഉൾപ്പെടെ ഐഎസ്ആർഒയുടെ വിവിധ ഉപഗ്രഹ വിക്ഷേപണ പദ്ധതികളിൽ പ്രധാന പങ്കുവഹിച്ച തങ്ങൾക്ക് 18 മാസത്തോളമായി ശമ്പളം കിട്ടുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. സെപ്തംബർ 20 മുതലാണ് ജീവനക്കാർ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചത്. തങ്ങളുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കാനാണ് പ്രതിഷേധത്തിനിറങ്ങിയത് എന്ന് കമ്പനിയിലെ തൊഴിലാളി യൂണിയൻ നേതാവ് ഭവൻ സിങ് പറഞ്ഞു.

Advertising
Advertising

"ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് തൊഴിലാളികൾ ഉണർന്നുവെന്ന് മോദിയെ അറിയിക്കാനാണ്. ഞങ്ങളുടെ കുട്ടികൾക്ക് കുടിക്കാൻ പാലില്ല. അവരുടെ സ്കൂളിലെ ഫീസടയ്ക്കാൻ ഞങ്ങൾക്ക് നിർവാഹമില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം"- 76കാരനായ ഭവൻ സിങ് വ്യക്തമാക്കി. ചന്ദ്രയാൻ-3ന് ഫോൾഡിങ് പ്ലാറ്റ്‌ഫോമും സ്ലൈഡിങ് വാതിലുമടക്കം നിർമിച്ച കമ്പനിയാണ് എച്ച്ഇസി.

തങ്ങളുടെ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും വർഷങ്ങളായി ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുപയോഗിക്കുന്ന പ്ലാറ്റ്ഫോം നിർമാണത്തിനായി പ്രവർത്തിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ സർക്കാർ തങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നത്. 2014മുതൽ ഹെവി എഞ്ചീനിയറിങ് കോർപറേഷന് അനുവദിച്ച ഫണ്ട് അവസാനിച്ചു. കമ്പനിക്ക് സർക്കാർ പണ്ട് നൽകിയിരുന്ന കരാറുകൾ ഇപ്പോൾ സ്വകാര്യ കമ്പനികൾക്ക് നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം ജാർഖണ്ഡ് മുക്തി മോർച്ച നേതാവും എം.പിയുമായ മഹുവ മാജി വിഷയം പാർലമെന്‍റിൽ ഉന്നയിച്ചെങ്കിലും ആരോപണങ്ങൾ സർക്കാർ തള്ളിയിരുന്നു. രാജ്യസഭയിലാണ് അദ്ദേഹം ജീവനക്കാരുടെ ദുരിതവും പ്രതിസന്ധിയും ഉന്നയിച്ചത്. 2014ന് മുമ്പ് കമ്പനിയുടെ സ്ഥിതി മെച്ചപ്പെട്ട നിലയിലായിരുന്നു. അതിന് ശേഷമാണ് പ്രതിസന്ധികൾ ആരംഭിച്ചതെന്നും മാജി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സഭ നേതാവ് പീയുഷ് ഗോയൽ ആരോപണങ്ങൾ തള്ളുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് എഞ്ചിനീയറിങ് സ്ഥാപനങ്ങളിലൊന്നാണ് 1958ൽ റാഞ്ചി ആസ്ഥാനമായി സ്ഥാപിതമായ ഹെവി എഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡ്. ബഹിരാകാശ ഗവേഷണം, ഖനനം തുടങ്ങി വിവിധ മേഖലകളിലേക്കുള്ള ഉപകരണങ്ങൾ ഇവിടെ നിന്നാണ് നിർമിക്കപ്പെടുന്നത്.

18 മാസമായി ശമ്പളമില്ലാത്തതിനെ തുടർന്ന് പട്ടിണിയിലായ ജീവനക്കാരിൽ ഒരാൾ ജീവിക്കാനായി ഇഡ്ഡലി കച്ചവടം ചെയ്യുന്നത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. എച്ച്ഇസിയിെ ടെക്നീഷ്യനും ഐഎസ്ആർഒയുടെ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ദീപക് കുമാർ ഉപ്രാരിയ ആണ് റോഡരികിൽ ഇഡ്ഡലി വിൽക്കുന്നത്.

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും പട്ടിണിയിലാവുകയും ചെയ്തതോടെയാണ് ഉപ്രാരിയയ്ക്ക് കുടുബം പോറ്റാൻ ഇഡ്ഡലി കച്ചവടത്തിന് ഇറങ്ങേണ്ടിവന്നത്. റാഞ്ചിയിലെ ധുർവ പ്രദേശത്ത് പഴയ നിയമസഭയ്ക്ക് മുന്നിലാണ് ഉപ്രാരിയ ഇഡ്ഡലിയും ചായയും വിൽക്കുന്നത്. ഉപ്രാരിയ അടക്കം എച്ച്ഇസിയിലെ 2,800 ജീവനക്കാർക്കാണ് 18 മാസമായി ശമ്പളം ലഭിക്കാത്തത്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News