സമ്പത്തിന്റെ 40 ശതമാനവും സമ്പന്നരായ ഒരു ശതമാനത്തിന്റെ കയ്യില്‍; ഇന്ത്യയില്‍ അസമത്വം തീവ്രമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനവെല്ലുവിളിയായ സാമ്പത്തിക അസമത്വത്തില്‍ നിന്ന് കരകയറാന്‍ പുതിയ സാമ്പത്തികവര്‍ഷത്തിലും രാജ്യത്തിനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Update: 2025-12-11 07:37 GMT

ന്യൂഡൽഹി: ഇന്ത്യയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ക്രമാധീതമായി ഉയര്‍ന്നതായി 2026 ലോക അസമത്വ റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കയ്യിലാണെന്നാണ് കണക്കുകള്‍. സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലെന്നും കണക്കുകളില്‍ വ്യക്തമാകുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനവെല്ലുവിളിയായ സാമ്പത്തിക അസമത്വത്തില്‍ നിന്ന് കരകയറാന്‍ പുതിയ സാമ്പത്തികവര്‍ഷത്തിലും രാജ്യത്തിനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തികവിദഗ്ധരായ ലൂക്കാസ് ചാന്‍സല്‍, റിക്കാര്‍ഡോ ക്വരേറ, റുവൈദ മൊഷ്രിഫ്, തോമസ് പിക്കെറ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം പ്രകാരം സമ്പന്നരായ 10 ശതമാനം പേര്‍ രാജ്യത്തിന്റെ 40 ശതമാനം സമ്പത്തും കയ്യടക്കിവെച്ചിരിക്കുകയാണ്.

Advertising
Advertising

ദരിദ്രരായ 50 ശതമാനമാളുകള്‍ക്ക് വരുമാനത്തിന്റെ 15 ശതമാനം മാത്രം ലഭിക്കുന്നിടത്ത് ദേശീയവരുമാനത്തിന്റെ 58 ശതമാനം കയ്യിലാക്കുന്നത് 10 ശതമാനം വരുന്ന സമ്പന്നരാണ്. വരുമാനത്തിലെ അന്തരം 2014നും 2024നും ഇടയില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്.

കഴിഞ്ഞുപോയ പത്ത് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്ത്രീകളുടെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍. ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് വെറും 15.6 ശതമാനം മാത്രമാണ്. കൂടാതെ, പുരുഷന്‍ മണിക്കൂറില്‍ നേടുന്നതിന്റെ 32 ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് കൂലിയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നല്‍കുന്ന തുച്ഛമായ വേതനവും മോശം പരിഗണനകളിലേക്കും ഈ കണക്കുകള്‍ വെളിച്ചം വീശുന്നു.

ലോകജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ദരിദ്രര്‍ക്ക് ലോകസമ്പത്തിന്റെ രണ്ട് ശതമാനം മാത്രമേ കൈവശമുള്ളൂ. എന്നാല്‍ വെറും രണ്ട് ശതമാനം മാത്രമുള്ള ലോകത്തെ ശതകോടീശ്വരന്മാര്‍ കൈവശം വെച്ചിരിക്കുന്നത് ആഗോളസമ്പത്തിന്റെ 76 ശതമാനവുമാണ്.

ഇന്ത്യയില്‍ പലപ്പോഴും വലിയ രീതിയില്‍ ചര്‍ച്ചാവിഷയമാകുകയും എന്നാല്‍ പരിഹാരം കാണാന്‍ സമ്പന്നവര്‍ഗത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ മാത്രം അനിശ്ചിതകാലത്തേക്ക് ചര്‍ച്ച നീട്ടിക്കൊണ്ടുപോകുകയും ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് സാമ്പത്തികമായ സമത്വം. സമത്വമെന്നത് കടലാസിലെ അക്ഷരങ്ങളായി ചുരുങ്ങുകയും ദരിദ്രര്‍ കടലാസുകളില്‍ നിന്ന് മായച്ചുകളയപ്പെടുകയും ചെയ്യുന്നതിലൂടെ സമത്വമെന്നത് വെറും സങ്കല്‍പ്പമെന്ന് തെളിയിക്കുന്നതാണ് പുറത്തുവിട്ടിരിക്കുന്ന ആഗോള അസമത്വ റിപ്പോര്‍ട്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News