'നിങ്ങൾക്കെന്റെ വീട് ഇടിച്ചുനിരത്താം, ആത്മവീര്യം തകർക്കാനാകില്ല': പ്രതികരിച്ച് കപിൽ സിബൽ

പൊളിക്കുന്നതിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി

Update: 2022-04-21 06:18 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ മുസ്‌ലിം വീടുകൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. നിങ്ങൾക്കെന്റെ വീട് ഇടിച്ചുനിരത്താമെന്നും എന്നാൽ എന്റെ ആത്മവീര്യം തകർക്കാനാവില്ല എന്നും സിബൽ പറഞ്ഞു. ഫേസ്ബുക്കിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

'ലക്ഷ്യംവയ്ക്കപ്പെട്ട ഇടിച്ചുനിരത്തലാണിത്. നിങ്ങൾക്ക് എന്റെ വീട് ഇടിച്ചു നിരത്താൻ ആയേക്കാം. എന്റെ ആത്മവീര്യത്തെ ഇല്ലാതാക്കാനാകില്ല' - എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ജഹാംഗീർപുരിയിലെ ഇടിച്ചു നിരത്തലിനെതിരെ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചത് സിബലായിരുന്നു. സിബലിന് പുറമേ, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്‌ഡെ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് പൊളിക്കൽ നിർത്തി വയ്ക്കാൻ കോടതി ഉത്തരവിട്ടത്. കോടതി നിർദേശം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ തുടർന്നെങ്കിലും കോടതി വീണ്ടും ഇടപെട്ട് നിർത്തിവയ്ക്കുകയായിരുന്നു. 

Advertising
Advertising


Full View


അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള നടപടി.

ഹനുമാൻ ജയന്തിക്കിടെ 'സംഘർഷമുണ്ടാക്കിയവരുടെ' അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത മേയർക്കു നേരത്തെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബംഗാളി മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പൊലീസ് നടപടി.

രാവിലെ 10 മുതലാണ് ഇടിച്ചുനിരത്തൽ തുടങ്ങിയത്. 10.30നു സുപ്രിം കോടതി ചേർന്നയുടൻ ദുഷ്യന്ത് ദവെ, കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, പി.വി.സുരേന്ദ്രനാഥ് എന്നിവർ ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരുൾപ്പെട്ട ബെഞ്ചിൽ വിഷയം അവതരിപ്പിക്കുകയും തുടർന്നു കോടതി നടപടി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതു പാലിച്ചിട്ടില്ലെന്നറിഞ്ഞ് കോടതി വീണ്ടും ഇടപെട്ട് ഇടിച്ചുനിരത്തൽ നിർത്തിവയ്പ്പിക്കുകയായിരുന്നു.

ഇതിനിടെ, കോടതി തടഞ്ഞിട്ടും ഇടിച്ചുനിരത്തൽ തുടർന്നപ്പോൾ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്തെത്തി ബുൾഡോസറിനു മുന്നിൽ കയറിനിന്നിരുന്നു. ഇടിച്ചുനിരത്തലിനെതിരെ ബൃന്ദയും സുപ്രിം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News