Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
റായ്‌പുർ: ബീഡി പങ്കിടാൻ വിസമ്മതിച്ചതിന് ഛത്തീസ്‌ഗഡിൽ യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു. റായ്‌പൂരിലെ അഭൻപൂറിലാണ് സംഭവം. അഭൻപൂർ സ്വദേശി അഫ്‌സർ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഫ്‌സറിൻ്റെ സുഹൃത്തുക്കളായിരുന്ന അഫ്സർ അലി അമാനുല്ല, സൈഫുള്ള, ഡാനിഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ അഫ്‌സർ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. പരിക്കുകളോട് റോഡരികിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നാല് പേരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഈ സമയത്ത് അഫ്‌സർ വലിച്ചുകൊണ്ടിരുന്ന ബീഡി പങ്കുവെക്കാതിരുന്നതിൻ്റെ പേരിൽ തർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. തുടർന്ന് വടി ഉപയോഗിച്ചടക്കം സുഹൃത്തുക്കൾ അഫ്‌സറിനെ മർദിക്കുകയും ആളൊഴിഞ്ഞ ഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കുകയുമായിരുന്നു
പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണെന്നും കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.