സുബീൻ ഗാർഗിന്റെ മരണം: നാലിടങ്ങളിൽ എസ്‌ഐടി പരിശോധന, പൊലീസിന് സമയം കൊടുക്കണമെന്ന് അസം മുഖ്യമന്ത്രി
കേസിനെ വൈകാരികമായാണ് അസം ജനത നോക്കുന്നത്. സുബീന്റെ അന്ത്യയാത്രയിൽ ഒഴുകിയെത്തിയ ജനം, റെക്കോർഡ് ബുക്കിൽ ഇടംനേടുകയും ചെയ്തിരുന്നു
ഗുവാഹത്തി: ഗായകന്‍ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടത്തി അന്വേഷണ സംഘം. അസം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) റെയ്ഡ് നടത്തിയത്.
സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനിടെ നടന്ന സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗിന് അപകടം സംഭവിക്കുന്നത്. പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്തയുടെ ഗുവാഹത്തിയിലെ ഓഫീസ്, സുബീന്റെ മാനേജര്‍, സൗണ്ട് റെക്കോർഡിസ്റ്റ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ്.
ശ്യാംകാനു മഹന്തയെ ഇനിയൊരു പരിപാടി സംഘടിപ്പിക്കുന്നതില്‍ നിന്ന് ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. കേസിനെ വൈകാരികമായാണ് അസം ജനത നോക്കുന്നത്. അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ ഒഴുകിയെത്തിയ ജനം, റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടുകയും ചെയ്തിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരാധകർ ആരോപിച്ചതോടെ കേസ് റജിസ്റ്റർ ചെയ്തത്.
അതേസമയം എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കേസ് സിബിഐക്ക് കൈമാറുമെന്നും എസ്ഐടിക്ക് കുറച്ച് സമയം നൽകണമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ വ്യക്തമാക്കി. അസം കമാര്‍കുച്ചിയിലെ ശ്മാശാനത്തിലാണ് സുബീന്‍ ഗാര്‍ഗിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. സഹോദരി പാമി ബോര്‍ഠാക്കുര്‍ ആണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. 52-ാം വയസിലാണ് ബോളിവുഡ് ഗാനമായ 'യാ ആലീ'യിലൂടെ ശ്രദ്ധേയനായ ഗായകന്റെ അകാലമരണം.
ജനപങ്കാളിത്തംകൊണ്ട് ലോകത്തെ നാലാമത്തെ വലിയ സംസ്കാരച്ചടങ്ങായി ലിംക ബുക്ക് ഓഫ് റെക്കോർഡിലാണ് രേഖപ്പെടുത്തിയത്.