ഗാസയുടെ മത്സ്യബന്ധന പരിധി വീണ്ടും വെട്ടിചുരുക്കി ഇസ്രയേല്‍

ഇസ്രയേല്‍ ഉപരോധം മൂലം ഗാസയില്‍ ഒന്‍പതു നോട്ടിക്കല്‍ മൈല്‍ ദൂര പരിധിക്കുള്ളില്‍ മാത്രമേ മത്സ്യ ബന്ധനത്തിന് അംഗീകാരമുള്ളു. ഈ ചുരുങ്ങിയ പരിധിയാണ് നിലവില്‍ ആറ് നോട്ടിക്കല്‍ മൈലാക്കി കുറച്ചിരിക്കുന്നത്

Update: 2018-10-07 06:09 GMT

ഗാസയുടെ മത്സ്യ ബന്ധന പരിധി വീണ്ടും വെട്ടി ചുരുക്കി ഇസ്രയേല്‍. കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ ഗാസ-ഇസ്രയേല്‍ തീരങ്ങളില്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളോടുള്ള പ്രതികരണമായാണ് നടപടിയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍ പ്രസതാവനയില്‍ അറിയിച്ചു.

വെള്ളിയാഴ്ച്ച നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ പന്ത്രണ്ടു വയസ്സുകാരനുള്‍പ്പടെ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, കഴിഞ്ഞ മാര്‍ച്ച് 30 ന് ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 183 ആയി.

‘ഒസ്ലോ കരാര്‍’ പ്രകാരം തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ വരെയുള്ളയുള്ള പരിധിക്കുള്ളില്‍ ഒരു രാജ്യത്തിന് മത്സ്യ ബന്ധനത്തിന് അനുവദനീയമായ പ്രദേശമാണ്. എന്നാല്‍ 2007 മുതലുള്ള ഇസ്രയേല്‍ ഉപരോധം മൂലം ഗാസയില്‍ ഒന്‍പതു നോട്ടിക്കല്‍ മൈല്‍ ദൂര പരിധിക്കുള്ളില്‍ മാത്രമേ മത്സ്യ ബന്ധനത്തിന് അംഗീകാരമുള്ളു. ഈ ചുരുങ്ങിയ പരിധിയാണ് നിലവില്‍ ആറ് നോട്ടിക്കല്‍ മൈലാക്കി വീണ്ടും കുറച്ചിരിക്കുന്നത്. ഈ പരിധി ലംഘിക്കുന്നവരെ ഇസ്രയേല്‍ സൈന്യം പിടകൂടി തടവിലിടും.

നിലവില്‍ 50,000 പേര്‍ ഗാസയില്‍ മത്സ്യ ബന്ധനവൃത്തിയുമായി ഉപജീവനം നടത്തുന്നവരാണ്.

Tags:    

Similar News