ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുന്ന അമേരിക്കന്‍ നടപടിയെ അപലപിച്ച് റഷ്യ

കരാറില്‍ നിന്ന് പിന്‍മാറുന്നതായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ‍ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു

Update: 2018-10-22 02:23 GMT
Advertising

ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുന്ന അമേരിക്കന്‍ നടപടിയെ അപലപിച്ച് റഷ്യ. ഐ.എന്‍.എഫ് കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ അപകടകരമായ നടപടി എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. കരാറില്‍ നിന്ന് പിന്‍മാറുന്നതായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ‍ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

കരാറില്‍ നിന്ന് പിന്മാറിയ അമേരിക്കന്‍ നടപടിയെ ശക്തമായി വിമര്‍ശിച്ച് റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. തീരുമാനത്തിലൂടെ ഏകലോകക്രമം സൃഷ്ടിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് റഷ്യ ആരോപിച്ചു. ആണവായുധ കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്‍റെ തീരുമാനത്തെ ഏറ്റവും അപകടകരമായ നടപടി എന്നാണ് റഷ്യന്‍ നേതാവ് മിഖായേല്‍ ഖോര്‍ബവേഷ് വിശേഷിപ്പിച്ചത്.

ഐ.എന്‍.എഫ് കരാര്‍ റഷ്യ ലംഘിച്ചെന്നാരോപിച്ചാണ് അമേരിക്ക ആണവായുധ കരാറില്‍ നിന്ന് പിന്മാറുന്നത്. കരാർ പ്രകാരം 500 മുതൽ 5,500 കിലോ മീറ്റർ വരെ പ്രഹര ശേഷിയുള്ള മധ്യദൂര മിസൈലുകളുടെ പ്രയോഗം നിരോധിച്ചിരുന്നു. എന്നാല്‍ റഷ്യ ഇതില്‍ ലംഘനം നടത്തിയെന്നാണ് ട്രംപിന്‍റെ വാദം. അതേസമയം, കരാറില്‍ നിന്ന് പിന്മാറിയാലും വൻ തോതിൽ ആയുധങ്ങൾ നിർമിക്കാൻ റഷ്യയെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

റഷ്യയുടെ ഭാഗത്ത് നിന്ന് പലതവണ കരാർ ലംഘനമുണ്ടായിട്ടും എന്തുകൊണ്ടാണ് ഒബാമ ഇതിൽ നിന്ന് പിൻമാറാതിരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. 2014ൽ റഷ്യ ഐ.എന്‍.എഫ് കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ബരാക് ഒബാമ രംഗത്തെത്തിയിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയന്‍റെ കടുത്ത സമ്മർദ്ദം മൂലം അന്ന് കരാറിൽ നിന്ന് പിൻമാറിയിരുന്നില്ല.

Tags:    

Similar News