കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് സിപിഎം വിലങ്ങുതടിയെന്ന് ബിജെപി

Update: 2017-08-19 08:17 GMT
Editor : Alwyn K Jose
കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് സിപിഎം വിലങ്ങുതടിയെന്ന് ബിജെപി

സമാധാന പാലനത്തിനായി പൊലീസ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ സിപിഎം അട്ടിമറിക്കുകയാണന്ന് ബിജെപി. സമാധാന പാലനത്തിനായി പൊലീസ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കലക്ടര്‍ കഴിഞ്ഞ ദിവസം സര്‍വ കക്ഷി സമാധാന യോഗം വിളിച്ചത്. ഇതിനു തൊട്ടു പിന്നാലെ രാഷ്ട്രീയ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് കത്തയച്ചിരുന്നു.

Advertising
Advertising

പ്രസംഗങ്ങളിലും പ്രസ്താവനകളിലും നേതാക്കള്‍ മിതത്വം പാലിക്കണമെന്നും, വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്നതും അവരെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ സിപിഎം ജില്ലാ നേതൃത്വം തളളിക്കളഞ്ഞു. പൊലീസ് പൂര്‍ണമായും നിഷ്പക്ഷമല്ലന്നും തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കുമെന്നുമായിരുന്നു സിപിഎം നിലപാട്. ഇതിനെതിരെയാണ് ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. സമാധാന യോഗത്തില്‍ നിന്ന് പ്രമുഖ സിപിഎം നേതാക്കള്‍ മാറി നിന്നത് സമാധാനം പുനസ്ഥാപിക്കാന്‍ നേതൃത്വത്തിന് താത്പര്യമില്ലാ എന്നതിന്റെ ഉദാഹരണമാണന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News