കോഴിക്കോട് സ്‍കൂളിന് മുകളില്‍ മരംവീണ് ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ എഎല്‍പി സ്കൂളിന് മുകളില്‍ മരം വീണ് രക്ഷിതാവിന് പരിക്കേറ്റു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ എഎല്‍പി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം മുറിഞ്ഞ് വീണു. സ്കൂള്‍ ഗ്രൌണ്ടിലുണ്ടായിരുന്ന പ്രദേശവാസി ഫാത്തിമയ്ക്ക് പരിക്കേറ്റു. ഉച്ച ഭക്ഷണസമയമായതിനാല്‍ വലിയ അപകടം ഒഴിവായി.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്കൂള്‍ ഗ്രൌണ്ടിനോട് ചേര്‍ന്ന് നിന്ന മരം കനത്ത മഴയിലും കാറ്റിലും പൊട്ടിവീഴുകയായിരുന്നു, ഒന്നാം ക്ലാസ്സ് പ്രവര്‍ത്തിക്കുന്ന മുറിയുടെ മുകളിലേക്കാണ് മരം വീണത്. ക്ലാസ്മുറിക്ക് ഭാഗികമായി കേടുപാടുകള്‍ ഉണ്ടായി. കുട്ടികളെ ഉച്ചഭക്ഷണത്തിനായി മറ്റൊരു ഹാളിലേക്ക് മാറ്റിയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായെന്ന് അധ്യാപകര്‍ പറയുന്നു.
സമീപത്ത് കൂടെ കടന്ന് പോകുന്ന വൈദ്യുതി ലൈനും പൊട്ടിവീണു. മരം തലയ്ക്ക് മുകളില്‍ വീണ് പരിക്കേറ്റ ഫാത്തിമയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട ഭീഷണി ഉയര്‍ത്തി നിരവധി മരങ്ങള്‍ സ്കൂള്‍ കോമ്പൌണ്ടിനോട് ചേര്‍ന്നുണ്ട്. മുറിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കിന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ആരോപിക്കുന്നു.