തെരുവ് നായ്ക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

Update: 2018-04-27 03:17 GMT
തെരുവ് നായ്ക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

വന്ധ്യംകരിക്കുന്ന നായകള്‍ക്ക് ജില്ലാ തലത്തില്‍ ഫാമുകളും ഇതിനായി ജില്ലാ കേന്ദ്രങ്ങളില്‍ രണ്ട് ഏക്കര്‍ ഭൂമി കണ്ടെത്തും. കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് മൃഗസ്‌നേഹികളുടെ സംഘടനകളെ ഏല്‍പ്പിക്കും...

Full View

തെരുവുനായ പ്രശ്നം നേരിടാന്‍ സമഗ്രപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. തെരുവുനായകളെ വന്ധ്യംകരിക്കുന്ന പ്രക്രിയ ഫലപ്രദമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിനുവേണ്ടി സംസ്ഥാന വ്യാപകമായി കേന്ദ്രങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. തെരുവുനായകളുടെ കടിയേറ്റ് വീട്ടമ്മ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇന്ന് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചുചേര്‍ത്തത്.

Advertising
Advertising

ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാകാത്തതാണ് തെരുവുനായ പ്രശ്‌നം രൂക്ഷമായതെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. തെരുവുനായകളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്ന എ ബി സി പദ്ധതി വിപുലപ്പെടുത്താനാണ് യോഗത്തിന്റെ തീരുമാനം. പല ജില്ലകളിലും വന്ധ്യംകരിക്കപ്പെട്ട നായകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ നിലവിലില്ല. ഉള്ളയിടത്ത് തന്നെ സ്ഥലപരിമിതി മൂലം കൂടുതല്‍ നായകളെ പാര്‍പ്പിക്കാനും കഴിയുന്നില്ല.

ഇതിന് പരിഹാരമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രണ്ട് ഏക്കര്‍ വീതം ഭൂമി കണ്ടെത്തി പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇവിടെ കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കും. പുനരധിവാസ കേന്ദ്രങ്ങളുടെ ചുമതല മൃഗസ്‌നേഹികളുടെ സംഘടനകളെ ഏല്‍പിക്കും.ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും പദ്ധതിയുടെ ഏകോപനച്ചുമതല.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ കൊണ്ട് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനാണ് തീരുമാനം. നായകളെ പിടിക്കാന്‍ പരിശീലനം നേടിയ തൊഴിലാളികളുടെ കുറവും ഉടന്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു, ആരോഗ്യ, തദ്ദേശ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News