വിവരാവകാശ നിയമത്തില്‍ വെള്ളംചേര്‍ക്കില്ല: മുഖ്യമന്ത്രി

Update: 2018-05-04 02:27 GMT
വിവരാവകാശ നിയമത്തില്‍ വെള്ളംചേര്‍ക്കില്ല: മുഖ്യമന്ത്രി
Advertising

എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും നടപ്പാക്കും മുന്‍പ് പുറത്തുപറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.

Full View

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരിനെപ്പോലെയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഇടതുപക്ഷ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

വിവരാവകാശ സെമിനാറിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ വിമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരിക്കുകയാണ് പ്രസ്താവനയിലൂടെ മുഖ്യമന്ത്രി.

ഭരണരംഗം ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന് സഹായമാവുന്നതാണ് വിവരാവകാശ നിയമം. അപേക്ഷകളില്‍ കൃത്യസമയത്ത് മറുപടി നല്‍കണമെന്ന കര്‍ശന നിര്‍ദേശമാണ് തന്റെ പ്രസംഗത്തില്‍ നല്‍കിയത്. അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പുറത്തുവിടുന്നത് നാടിനെ ദുര്‍ബലമാക്കുമെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. എന്നാല്‍ വിവരാവകാശ നിയമത്തെ അട്ടിമറിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന വ്യാഖ്യാനം നിര്‍ഭാഗ്യകരം മാത്രമല്ല, സത്യവിരുദ്ധവുമാണ്.

അഴിമതിക്ക് കാരണമായ മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനാവില്ലെന്ന നിലപാടെടുത്ത മുന്‍സര്‍ക്കാരിനെപ്പോലെയാണ് എല്‍ഡിഎഫ് സര്‍ക്കാരുമെന്ന് വരുത്തിത്തീര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് ഇടത് ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ലെന്നും കാനത്തിന് പരോക്ഷ മറുപടി നല്‍കുന്നു മുഖ്യമന്ത്രി. അതേസമയം വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരുണ്ടെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

Tags:    

Similar News