ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്ന കാരാട്ടിന്റെ നിലപാടിനെതിരെ പുകസ
ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ നിലപാട് സിപിഎമ്മില്‍ പുതിയ തര്‍ക്കത്തിന് വഴിതുറക്കുന്നു
ബി.ജെ.പിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്ന സി.പി.എം പിബി അംഗം പ്രകാശ് കാരാട്ടിന്റെ നിലപാടിനെ ചൊല്ലി പാര്‍ട്ടിയില്‍ പുതിയ തര്‍ക്കം. കാരാട്ട് പറഞ്ഞത് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയമാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ ബിജെപി, ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന നിലപാടിലാണ് പുകസ സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ്. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായിരുന്നു പ്രതികരണങ്ങള്‍. നവലിബറല്‍ നയം, ഹിന്ദുത്വം, ഇന്ത്യന്‍ ഭരണ വര്‍ഗം എന്നിവ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സി പി എം സ്വീകരിച്ച അടവുനയമാണ് പ്രകാശ് കാരാട്ടിന്റെ ലേഖനം എന്നാണ് സി പി എം പ്രതിനിധി കെ ടി കുഞ്ഞിക്കണ്ണന്‍ ഉന്നയിച്ച വാദം.
എന്നാല്‍ ആര്‍ എസ് എസും ബി ജെ പിയും ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന കാര്യത്തില്‍ സംശയമേയില്ലെന്നായിരുന്നു പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ മറുപടി.ഗാന്ധി വധത്തിന് ശേഷം സാംസ്കാരിക-രാഷ്ട്രീയ മുഖം സ്വീകരിക്കാന്‍ ആര്‍ എസ് സ് നിര്‍ബന്ധിതമാകുകയായിരുന്നു. 25 വര്‍ഷം മുന്പ് തന്നെ ഇ എം എസും സീതാറാം യെച്ചൂരിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് സിപിഎം പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇത് ആവര്‍ത്തിക്കുന്നു. ഹിന്ദുത്വം നവഫാസിസം അടിച്ചേല്‍പിക്കുന്നതിന്റെ തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനകീയ ബദല്‍ ഉയര്‍ന്നു വരണമെന്നും അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരെ വികസിക്കാവുന്നതാണെന്നും കെ ഇ എന്‍ പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക നിരീക്ഷകരായ എം എം സോമശേഖരന്‍ , സി കെ അബ്ദുല്‍ അസീസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.