മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍
കേരളത്തിലെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയച്ചു
അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ യാത്രാ അനിശ്ചിതത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കേരളത്തിലെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയച്ചു. ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതിനെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.
കേരളത്തിലെത്താനായി മഅ്ദനിക്ക് കര്‍ണാക പൊലീസ് ആവശ്യപ്പെട്ട ഉയര്‍ന്ന സുരക്ഷാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പ് നല്‍കിയത്.
കേരളത്തിലെ മഅ്ദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കാമെന്ന കാര്യമാണ് സംസ്ഥാനം അറിയിക്കുക. കര്‍ണാടക സര്‍ക്കാര്‍ ഇത് പരിഗണിച്ചാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയും അതോടെ ചിലവ് കുറയുമെന്നും സര്‍ക്കാര്‍ കരുതുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മഅദനിക്ക് കേരളത്തിലെത്താന്‍ സഹായകരമായ ഇടപെടല്‍ നടത്തണമെന്ന് രമേശ് ചെന്നിത്തല സിദ്ധാരാമയ്യയോട് ആവശ്യപ്പെട്ടു.
അതേ സമയം പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍റെ പ്രതികരണം. ഭീമമായ തുക സുരക്ഷക്കായി കര്‍ണാടക പൊലീസ് ആവശ്യപ്പെടുന്ന വിവരം മഅദനിയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരും. മഅദനിയെ അനുഗമിക്കുന്ന 19 അംഗസുരക്ഷാ സംഘത്തിനായി 15ലക്ഷം രൂപ അടക്കാനും യാത്ര, താമസം, ഭക്ഷണം എന്നീ ചെലവുകള്‍ പുറമെ വഹിക്കാനുമാണ് കര്‍ണാക പൊലീസ് ആവശ്യപ്പെടുന്നത്.