ലീഗിനോട് മൃദുസമീപനമെന്ന് സിപിഎം മലപ്പുറം സമ്മേളനത്തിൽ വിമർശം
മുതലാളിമാരോട് ചങ്ങാത്ത സമീപനം സ്വീകരിക്കുന്നവർ പാർടിയിലുണ്ടെന്ന വിമർശവും ഉയർന്നു.
മുസ്‍ലിം ലീഗിനോട് പാർട്ടി മൃദുനയം സ്വീകരിക്കുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശം. മുതലാളിമാരോട് ചങ്ങാത്ത സമീപനം സ്വീകരിക്കുന്നവർ പാർടിയിലുണ്ടെന്ന വിമർശവും ഉയർന്നു. കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിലാണ് പ്രതിനിധികളുടെ വിമർശം.
ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് ലീഗിനോടുള്ള മൃദുനയത്തിന്‍റെ പേരിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശമുയർന്നത്. മലപ്പുറം ജില്ലയിൽ ലീഗുമായാണ് പാർട്ടി പോരാടുന്നതെന്ന കാര്യം സംസ്ഥാന നേതൃത്വം മറന്നു പോകുകയാണ്. ലീഗ് ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ സംസ്ഥാന നേതൃത്വം മുൻകയ്യെടുക്കണം. ലീഗിനെ കടന്നാക്രമിച്ചത് കൊണ്ടാണ് മുൻ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനായതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ജില്ലാ നേതൃത്വത്തിനെതിരെയും വിമർശമുണ്ടായി. പാർട്ടി പ്ലീനത്തിലെ തീരുമാനത്തിന് വിരുദ്ധമായി മുതലാളിത്ത ചങ്ങാത്ത പ്രവണത ജില്ലയിലുണ്ടെന്നും ഒരു പ്രതിനിധി കുറ്റപ്പെടുത്തി. വീഴ്ചകളിൽനിന്നും പാഠമുൾക്കൊള്ളാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുസ്വഭാവമില്ലാത്ത, സമ്പന്നരെയാണ് പാർട്ടി മൽസരിപ്പിച്ചത്. ഇവരിൽ പലരും പാർട്ടിക്ക് മുൾകിരീടമാണ്. ഭാവിയിൽ പാർട്ടിക്കു തന്നെ ദോഷം ചെയ്യുന്ന നടപടിയാണിത്. സാമ്രാജ്യത്ത വിരുദ്ധ മനോഭാവമുള്ള ജില്ലയിലെ മുസ്‍ലിം സമൂഹവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം ജില്ലാ നേതൃത്വം ഉപയോഗിച്ചില്ലെന്ന വിമർശവും ഉയർന്നു.
മന്ത്രി കെ ടി ജലീൽ, പി വി അൻവർ എംഎൽഎ എന്നിവരുടെ പ്രവർത്തന ശൈലിക്കെതിരെയും പൊതുചർച്ചയിൽ വിമർശമുണ്ടായി. പൊലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുണ്ടായി. പൊതുചർച്ച ഇന്നും തുടരും. സമ്മേളനം നാളെ സമാപിക്കും.