ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

Update: 2018-05-21 15:38 GMT
Editor : admin
ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

ഖബറടക്കം ആനക്കരയിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാ ബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം ആനക്കരയിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

Advertising
Advertising

Full View

മദ്രസാ പ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്ന ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ വിശുദ്ധ ജീവിതം നയിച്ച പണ്ഡിതനാണ്. അറുപത് വര്‍ഷത്തോളം വിവിധ മസജ്ദുകളില്‍ ദര്‍സ് നടത്തിയ കോയക്കുട്ടി മുസ്ലിയാര്‍ക്ക് നിരവധി ശിഷ്യന്‍മാരുണ്ട്. 1934 ല്‍ പാലക്കാട് ജില്ലയിലെ ആനക്കരയിലാണ് കോയക്കുട്ടി മുസ്ലിയാരുടെ ജനനം. ആനക്കര ഗവണ്‍മെന്റ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സമീപത്തെ ഓത്തുപള്ളിയില്‍ മതപഠനം ആരംഭിച്ചു. ഏതാനും ദര്‍സുകളില്‍ കൂടി പഠിച്ച ശേഷം പൊന്നാനി വലയി ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ ചേര്‍ന്നു.

പൊന്നാനിയില്‍ കണ്ണിയത്ത് അഹ്‍മദ് മുസ്ലിയാരുടെ കീഴിലായിരുന്നു പഠനം. പിന്നീട് വെല്ലൂര്‍ ബാഖിയാതു സ്വാലിഹാത് കോളജില്‍ നിന്ന് ബിരുദം നേടി. തിരൂരങ്ങാടി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. കാരത്തൂര്‍ ജാമിഅ ബദ്‍രിയ്യ അറബിക് കോളജില്‍ 6 വര്‍ഷം പ്രിന്‍സിപ്പലായി ജോലി ചെയ്തു.

മദ്രസാ പ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്ന കോയക്കുട്ടി മുസ്ലിയാര്‍ സമസ്തയുടെ പ്രഥമ മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ ഉപാധ്യക്ഷനായിരുന്നു. 1985 ല്‍ സമസ്ത പണ്ഡിത സഭയുടെ കൂടിയാലോചന സമിതി അംഗമായി. രണ്ടായിരത്തില്‍ സമസ്തയുടെ വൈസ് പ്രസിഡന്റായി. കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് 2012 ഒക്ടോബറില്‍ സമസ്തയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തോടെ തലയെടുപ്പുള്ള ഒരു പണ്ഡിതനെയാണ് കേരളീയ മുസ്ലിംകള്‍ക്ക് നഷ്ടമാകുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News