സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശം

Update: 2018-05-26 16:30 GMT
Editor : Sithara
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശം

ആരോഗ്യ മന്ത്രിയുടെ ചികിത്സാ വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിനിധികള്‍. ഗെയില്‍ സമരത്തില്‍ പാര്‍ട്ടി ഇടപെടാന്‍ വൈകിയെന്നും വിമര്‍ശം

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശം. പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുചര്‍ച്ചയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ പ്രതിനിധികള്‍ പേരെടുത്ത് വിമര്‍ശിച്ചു. ആരോഗ്യ മന്ത്രിയുടെ ചികിത്സാ വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഗെയില്‍ സമരത്തില്‍ പാര്‍ട്ടി ഇടപെടാന്‍ വൈകിയെന്ന ആക്ഷേപം തിരുവമ്പാടിയില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.

Advertising
Advertising

മന്ത്രിമാരായ കെ ടി ജലീല്‍, കെ കെ ശൈലജ, എം എം മണി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ജാഗ്രതയുണ്ടാകുന്നില്ല. കെ കെ ശൈലജയുമായി ബന്ധപ്പെട്ടുയര്‍ന്ന ചികിത്സാ വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കൊയിലാണ്ടിയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. ജോര്‍ജ് എം തോമസ് എംഎല്‍എ തിരുവമ്പാടി ഏരിയാ കമ്മറ്റിയില്‍ വെട്ടിനിരത്തല്‍ നടത്തിയതായും പ്രതിനിധികള്‍ ആരോപിച്ചു. ഗെയില്‍ സമരത്തില്‍ പാര്‍ട്ടി ഇടപെടാന്‍ വൈകിയത് വിഷയം വഷളാക്കിയതായി തിരുവമ്പാടിയില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു.

കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ നടപടിയുണ്ടാകാത്തതിനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. കെ കെ ലതികയുടെ തോല്‍വിക്കു കാരണക്കാരായവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ഈ രണ്ടു മണ്ഡലങ്ങളിലും കടുത്ത വിഭാഗീയതയുണ്ടായിട്ടും നടപടിയെടുക്കാതിരുന്നത് ജില്ലാ നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പൊറുക്കാനാവാത്ത വീഴ്ചയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തോട്ടത്തില്‍ രവീന്ദ്രന്‍ കൊയിലാണ്ടി കൊല്ലം പിഷാരികാവിലെ പരിപാടിയില്‍ പങ്കെടുത്തതിനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് നേതാക്കളെ പോലെയാണ് പരിപാടിയില്‍ സംസാരിച്ചതെന്നായിരുന്നു മേയര്‍ക്കെതിരായ പരാമര്‍ശം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News