സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി; ജയരാജന്‍ പങ്കെടുക്കുന്നു
എം എം മണിക്ക് മന്ത്രിസ്ഥാനം നല്‍കിയതിനെ തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇ പി ജയരാജന്‍ ഇറങ്ങിപ്പോയ സാഹചര്യം ചര്‍ച്ചയാകും
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുന്നു. എം എം മണിക്ക് മന്ത്രിസ്ഥാനം നല്‍കിയതിനെ തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇ പി ജയരാജന്‍ ഇറങ്ങിപ്പോയ സാഹചര്യം ചര്‍ച്ചയാകും. ജയരാജന്‍ പിന്നീട് സംസ്ഥാന കമ്മിറ്റിയിലും പ്രത്യേക നിയമസഭ സമ്മേളനത്തിലും പങ്കെടുക്കാതെ മാറി നിന്നത് നേതൃത്വം ഗൌരവമായാണ് കാണുന്നത്. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കുന്നുണ്ട്.
ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരായ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ മന്ത്രിസഭയിലെ ഒഴിവുനികത്തിയതില്‍ ഇ പി ജയരാജന്‍ കടുത്ത അതൃപ്തിയിലാണ്. എം എം മണിയെ മന്ത്രിയാക്കാന്‍ തീരുമാനമെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പൊട്ടിത്തെറിച്ച ജയരാജന്‍ തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മിറ്റിയിലോ സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രത്യേക നിയമസഭ സമ്മേളനത്തിലോ എം എം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലോ പങ്കെടുത്തില്ല.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ ജയരാജന്‍ വിട്ടുനിന്നതില്‍ സംസ്ഥാന നേതൃത്വത്തിന് നീരസമുണ്ട്. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ജയരാജന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും ജയരാജന് പാര്‍ട്ടി തല നടപടികള്‍ നേരിടേണ്ടി വന്നിട്ടില്ല. ജനുവരിയില്‍ കേരളത്തില്‍ വെച്ച് കേന്ദ്രകമ്മിറ്റി യോഗം ചേരാനിരിക്കെ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ജയരാജന്റെ അതൃപ്തിയും തുടര്‍നടപടികളും പാര്‍ട്ടിക്ക് പുതിയ തലവേദനയാകും.