ആലപ്പുഴയിലെ മുന്‍ സിപിഎം നേതാവ് ടികെ പളനി സിപിഐയിലേക്ക്

Update: 2018-05-27 17:08 GMT
Editor : Subin

വര്‍ഷങ്ങളായി പാര്‍ട്ടിയിലില്ലാത്ത ടികെ പളനി സിപിഐയിലേക്ക് പോകുന്നതില്‍ ഒരാശങ്കയുമില്ലെന്നും അദ്ദേഹം ഏത് പാര്‍ട്ടിയില്‍ പോയാലും അവര്‍ അനുഭവിച്ചോളുമെന്നും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതികരിച്ചു

ആലപ്പുഴയിലെ മുന്‍ സിപിഎം നേതാവ് ടികെ പളനി സിപിഐയിലേക്ക്. മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ പളനിയെ പിന്നീട് പാര്‍ട്ടി തിരിച്ചെടുത്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി താന്‍ പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ലെന്നും തന്നെ ഒഴിവാക്കാനാണ് സിപിഎം ജില്ലാ നേതൃത്വം തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ടികെ പളനി പറഞ്ഞു.

Advertising
Advertising

Full View

കേരളത്തിനെ സിപിഎമ്മിനെ ആകെ പിടിച്ചു കുലുക്കിയ മാരാരിക്കുളം വിഭാഗീയതയില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായി 10 വര്‍ഷം പുറത്തിരുന്ന ശേഷമാണ് ടി കെ പളനിയെ സി പി എം തിരിച്ചെടുത്തത്. പക്ഷേ കഴിഞ്ഞ കുറേക്കാലമായി തന്നെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അംഗത്വം പുതുക്കാതെ രണ്ടു വര്‍ഷം ഇരുന്നിട്ടും കാരണം പോലും ആരും അന്വേഷിച്ചില്ലെന്നും ടി കെ പളനി പറഞ്ഞു.

വിഭാഗീയ പ്രവര്‍ത്തനത്തിന് എന്നും എതിരായിരുന്ന തന്നെ 1996ലെ തോല്‍വിയുടെ പേരില്‍ ബലിയാടാക്കുകയായിരുന്നുവെന്നും തോല്‍വിക്കു കാരണം മാരാരിക്കുളത്തെ എംഎല്‍എ എന്ന നിലയിലുള്ള വി എസിന്റെ പ്രവര്‍ത്തനം തന്നെയായിരുന്നുവെന്നും ടികെ പളനി പറഞ്ഞു. വര്‍ഷങ്ങളായി പാര്‍ട്ടിയിലില്ലാത്ത ടികെ പളനി സിപിഐയിലേക്ക് പോകുന്നതില്‍ ഒരാശങ്കയുമില്ലെന്നും അദ്ദേഹം ഏത് പാര്‍ട്ടിയില്‍ പോയാലും അവര്‍ അനുഭവിച്ചോളുമെന്നും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതികരിച്ചു. ടി കെ പളനി കുറെക്കാലമായി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്നയാളാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News