സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചരണ ചൂടില്‍

Update: 2018-05-28 06:30 GMT
Editor : admin
സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചരണ ചൂടില്‍
Advertising

തെരഞ്ഞെടുപ്പിന് 36 ദിവസം ബാക്കി നില്‍ക്കെ സംസ്ഥാനം പ്രചരണ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിന് 36 ദിവസം ബാക്കി നില്‍ക്കെ സംസ്ഥാനം പ്രചരണ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ഥികളെല്ലാം വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുചോദിക്കുന്ന പ്രവര്‍ത്തനത്തിലാണ്. നേതാക്കള്‍ വാക്പോരുമായി രംഗം സജീവമാക്കുന്നു. ദേശീയ നേതാക്കളും വരും ദിവസങ്ങളില്‍ കേരളത്തിലെത്തും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രണ്ട് മാസം ലഭിച്ചതിനാല്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ചര്‍ച്ചയുടെ ആലസ്യത്തിലായിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ പ്രചരണം ചൂടുപിടിച്ചു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 5 സീറ്റു മാറ്റിനിര്‍ത്തിയാല്‍ എല്ലാ സ്ഥാനാര്‍ഥികളുടെയും ഔദ്യോഗിക പ്രഖ്യാപനം പൂര്‍ത്തിയായി. സ്ഥാനാര്‍ഥികള്‍ ആദ്യ ഘട്ട പ്രചരണത്തിലാണ്. ചുമരെഴുത്ത്, പോസ്റ്ററുകള്‍ പതിക്കല്‍, ബോര്‍ഡുകളും കൊടികളും സ്ഥാപിക്കല്‍, തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും കണ്‍വെന്‍ഷനുകളും എല്ലാം തുടങ്ങിക്കഴിഞ്ഞു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടു ചോദിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ സ്ഥാനാര്‍ഥിയാണെങ്കില്‍ പരിചയപ്പെടുത്താണ് പ്രധാന ജോലി.

സിറ്റിങ് എംഎല്‍എമാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. വേനലായതിനാല്‍ ഉച്ചക്ക് 11 മുതല്‍ 3 മണിവരെ പ്രചരണത്തിന് ഒഴിവാണ്. മാധ്യമ വാര്‍ത്തകളിലിടം പിടിക്കാനായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയിലെ പ്രചരണം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. വിമത ശബ്ദങ്ങളെയും എതിര്‍പ്പുകളും മറികടക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കളും രംഗത്ത് സജീവമാണ്. മദ്യനയം ചര്‍ച്ചയാക്കിയ ഇടതുപക്ഷം കൈപൊള്ളി പിന്‍വാങ്ങിയ അവസ്ഥയിലാണ്. വരും ദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് നേതാക്കള്‍ തുടക്കമിടും.

പ്രചരണത്തിന് ചൂടേറാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ദേശീയ നേതാക്കളും വരും ദിവസങ്ങളില്‍ കേരളത്തിലെത്തും. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ വലത് ഇടത് സ്ഥാനാര്‍ഥിക്കായി വോട്ട് ചോദിക്കാനെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്കൌണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന ബിജെപിക്കായി എത്തുന്നത്. ജെഎന്‍യു യൂനിയന്‍ പ്രസിഡന്റ് കനയ്യ ഉള്‍പ്പെടെ വിദ്യാര്‍ഥി പ്രക്ഷോഭ നേതാക്കളും കേരളത്തിലെത്തുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News