മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

Update: 2018-05-29 00:55 GMT
Editor : Subin
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക ഉപദേശ സംഘത്തിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഗീത ഗോപിനാഥ്. ഈ സര്‍ക്കാരിന്‍റെ കാലാവധിവരെ നിലനില്‍ക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിച്ചാണ് നിയമനം.

ഉദാരവത്കരണ സാമ്പത്തിക നയത്തെ അനുകൂലിയ്ക്കുന്ന സാമ്പത്തികവിദഗ്ധ ഗീത ഗോപിനാഥനെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തു‌ടര്‍ച്ചയായി വിവാദങ്ങളുണ്ടാവുന്നതാണ് കേന്ദ്ര നേതൃത്വത്തിന്‍റെ അതൃപ്തിയ്ക്കിടയാക്കിയത്. നിയമനത്തിന്റെ വിശദാംശങ്ങള്‍ അറിയിയ്ക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

Advertising
Advertising

പുത്തന്‍ സാമ്പത്തിക നയത്തെ എന്നും എതിര്‍ത്തു പോരുന്ന സി.പി.എമ്മിന്‍റെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്കിന്‍റെ വിസിറ്റിങ്ങ് സ്കോളറും ഉദാരവത്കരണ സാന്പത്തിക നയത്തിന്‍റെ വക്താവുമായ ഗീത ഗോപിനാഥനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെക്കുറിച്ച് നിരവധി വാര്‍ത്തകളും വിശകലനങ്ങളും പുറത്തു വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെച്ചതാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ അസന്തുഷ്ടിയ്ക്ക് ഇടയാക്കിയത്.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിനിടെ തുടര്‍ച്ചയായി ഇത്തരം വിവാദങ്ങളുണ്ടാവുന്നുവെന്നും അത് നല്ല തീരുമാനങ്ങളുടെ കൂടി ശോഭ കെടുത്തുന്നു എന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ വിലയിരുത്തുന്നു. സി.പി.എമ്മിന്‍റെ സാമ്പത്തിക നയവും സമീപനവും തീരുമാനിയ്ക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസും അതനുസരിച്ച് കാലികമായ നിലപാടുകള്‍ സ്വീകരിയ്ക്കുന്നത് കേന്ദ്ര നേതൃത്വവുമാണ്. അതിനാല്‍ കേന്ദ്ര നേതൃത്വം കൂടി മറുപടി പറയേണ്ട വിഷയമാണിത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകളോട് തത്കാലം പരസ്യമായി പ്രതികരിയ്ക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിയ്ക്കുന്നത്.

നിയമനത്തിന്റെ വിശദ വിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു നിയമനത്തിന്‍റെ ആവശ്യകതയും പ്രസക്തിയും അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര നേതൃത്വം അറിയിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ പ്രതികരിയ്ക്കുമെന്നാണ് കേന്ദ്ര നേതാക്കളുടെ നിലപാട്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് ഗീത ഗോപിനാഥ്. കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക ഉപദേശ സംഘത്തിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഗീത ഗോപിനാഥ്. ഈ സര്‍ക്കാരിന്‍റെ കാലാവധിവരെ നിലനില്‍ക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിച്ചാണ് നിയമനം. വേതനമില്ലാത്തതാണ് ഈ പദവി.

1990-91 കാലഘട്ടത്തില്‍ നവ ഉദാരവല്‍ക്കരണ നയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഉള്‍പ്പടെ നിരവധി വിദേശ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സാമ്പത്തിക ശാസ്‌ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News