സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും നിശിതവിമര്‍ശം

Update: 2018-05-29 04:33 GMT
Editor : admin
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും നിശിതവിമര്‍ശം

സ്വന്തം നിലപട് സ്ഥാപിച്ചെടുക്കാന്‍ എന്‍എന്‍ കൃഷ്ണദാസ് കമ്യൂണിസ്റ്റ് വിരുദ്ധ രീതി തേടുന്നു. എംബി രാജേഷിനെ അത്യാവശ്യ സമയത്ത് ലഭ്യമല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സിപിഎം പാലക്കാട് ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ക്കും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ക്കും രൂക്ഷ വിമര്‍ശം. എംബി രാജേഷ് എംപി, മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസ്, പി ഉണ്ണി എംഎല്‍എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ സുധാകരന്‍ എന്നിവരെയാണ് സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ജനപ്രതിനിധികളുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ വിമര്‍ശം. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയംഗമായ എംബി രാജേഷിനെതിരെയുളള വിമര്‍ശം. ഈ ആക്ഷേപം വ്യാപകമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ നേതൃത്വം ദുര്‍ബലമാണെന്ന് പുറത്ത് പ്രചരിപ്പിക്കുന്നുവെന്നാണ് സംസ്ഥാന കമ്മിറ്റിയംഗമായ പി ഉണ്ണിക്കെതിരെയുള്ള പരാമര്‍ശം. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിന് പകരം ഗ്യാലറിയിലിരുന്ന് കളികാണുന്നുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ണിയെ വിമര്‍ശിക്കുന്നു.

Advertising
Advertising

തന്റെ അഭിപ്രായം സ്ഥാപിക്കാന്‍ പാര്‍ട്ടി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കുന്നുവെന്നാണ് സംസ്ഥാന കമ്മിറ്റിയംഗമായ മുന്‍ എംപി എന്‍എന്‍കൃഷ്ണദാസിനെതിരെയുള്ള വിമര്‍ശം. തന്റെ ആഗ്രഹങ്ങള്‍ നടന്നില്ലെങ്കില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്നാണ് ജില്ലാ സെക്രട്ടറിയേറ്റംഗം പികെ സുധാകരനെതിരെയുള്ള വിമര്‍ശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പികെ സുധാകരന്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതിനെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച തുടരുകയാണ്. നാളെ സമ്മേളന പ്രമേയം അവതരിപ്പിക്കും. തിങ്കളാഴ്ച പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News