എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി കച്ചവടം; റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് കൈമാറി
വൈദിക പ്രതിനിധി സമിതി യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് വിമത വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടു
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി കച്ചവടത്തെക്കുറിച്ചുള്ള ആറംഗ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് കൈമാറി. വൈദിക പ്രതിനിധി സമിതി യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് വിമത വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമ്പൂര്‍ണ സഭാ സിനഡിന് ശേഷമാകും വൈദിക പ്രതിനിധി യോഗം ചേരുക.
സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദം അന്വേഷിക്കാന്‍ രൂപത നിയോഗിച്ച ആറംഗ അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടാണ് കര്‍ദ്ദിനാളിന് കൈമാറിയത്. ഫാദര്‍ ബെന്നി മേനാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള കമ്മീഷനില്‍ മൂന്ന് വൈദികരും അല്മായ പ്രതിനിധികളായ മുന്‍ തഹസില്‍ദാര്‍, ഓഡിറ്റര്‍, അഭിഭാഷകന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം ഒരു വിഭാഗം അല്മായരുടെ ഇടപെടലിനെത്തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ഇതോടെയാണ് റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് കൈമാറിയത്. അതേസമയം വൈദിക സമിതി യോഗം അടിയന്തിരമായ വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാണ് വിമത വിഭാഗം വൈദികരുടെ ആവശ്യം. റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ വൈകിയാല്‍ വൈദിക പ്രതിനിധി യോഗമായ പ്രിസ്ബിറ്ററല്‍ കൌണ്‍സില്‍ ഔദ്യോഗികമായി വത്തിക്കാന് പരാതി നല്‍കുമെന്നും വൈദികര്‍ പറയുന്നു.
ആദ്യം പാസ്റ്ററല്‍ കൌണ്‍സിലില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തെയും ഒരു വിഭാഗം വൈദികര്‍ എതിര്‍ക്കുന്നു. കാനോനിക നിയമപ്രകാരം റിപ്പോര്‍ട്ട് അജപാലന സമിത ചര്‍ച്ച ചെയ്യേണ്ടതില്ല. കാലാവധി കഴിഞ്ഞതിനാല്‍ ഔദ്യോഗികമായി പാസ്റ്ററല്‍ കൌണ്‍സില്‍ ഇപ്പോള്‍ നിലവിലില്ലെന്നും വിമതവിഭാഗം വൈദികര്‍ വാദിക്കുന്നു. വൈദിക പ്രതിനിധി യോഗത്തില്‍ കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ ന്യൂനപക്ഷമാണ്. അതിനാല്‍ വത്തിക്കാന് ഔദ്യോഗിക പരാതി നല്‍കണമെന്ന വിമതവിഭാഗം വൈദികരുടെ യോഗത്തില്‍ പാസാവാനാണ് സാധ്യത. അതേസമയം വൈദിക സമിതിയോഗം സംപൂര്‍ണ സഭാ സിനഡിന് ശേഷമാകും സമ്മേളിക്കുകയെന്ന് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി.