അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കെട്ടിട നിര്‍മാണ അനുമതിക്ക് നടപ്പാക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിട നിര്‍മാണ അനുമതിക്ക് നടപ്പാക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കോഴിക്കോട് കോര്‍പ്പറേഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.
സുവേഗ എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉടമസ്ഥന് പ്രത്യേക ഫീസ് നല്‍കാതെ തന്നെ പ്ലാന്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ സ്ഥിതി എന്താണന്ന് ഓണ്‍ലൈനില്‍ തന്നെ അറിയാം. ഏതെങ്കിലും തരത്തിലുള്ള അപാകത പ്ലാനിലുണ്ടങ്കില്‍ അപേക്ഷ പോലും വെബ്സൈറ്റ് സ്വീകരിക്കില്ല. തുടക്കത്തില്‍ 10 മീറ്റര്‍ വരെയുള്ള താമസാവശ്യര്‍ത്ഥമുള്ള കെട്ടിടങ്ങളുടെ അപേക്ഷയാണ് സ്വീകരിക്കുന്നത്. കോഴിക്കോടിന് പുറമേയുള്ള മറ്റ് സ്ഥലങ്ങളിലേക്ക് പദ്ധതി ഉടന്‍ നീട്ടും. ജനങ്ങളുടെ സൌകര്യം മാത്രമല്ല അഴിമതി കുറക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിര്‍മ്മാണ പ്രദേശം കാണിക്കാന്‍ ഉദ്യോഗസ്ഥരെ വാഹനത്തില്‍ കൊണ്ടുപോകുന്ന സാഹചര്യവും ഇതോടെ ഒഴിവാകും.എപ്പോഴാണ് ഉദ്യോഗസ്ഥര്‍ വരുന്നതെന്ന് നേരത്തെ തന്നെ ഉടമയെ അറിയിക്കണമെന്നാണ് വ്യവസ്ഥ.ഉടമ സ്ഥലത്ത് നിന്നാല്‍ മാത്രം മതി.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ അധ്യക്ഷത വഹിച്ചു.എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.