പൊലീസില്‍ ആര്‍എസ്എസ് ഇടപെടലുണ്ടെന്ന് കോടിയേരി

Update: 2018-06-02 10:20 GMT
Editor : Sithara
പൊലീസില്‍ ആര്‍എസ്എസ് ഇടപെടലുണ്ടെന്ന് കോടിയേരി

ഐപിഎസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് ഇടപെടലെന്നാണ് പാര്‍ട്ടി മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്.

സംസ്ഥാന പൊലീസില്‍ ആര്‍എസ്എസ് ഇടപെടലുണ്ടെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഐപിഎസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് ഇടപെടലെന്നാണ് പാര്‍ട്ടി മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്. പാര്‍ട്ടിയും സര്‍ക്കാരും ഇതിനെ ചെറുക്കുമെന്നും സമ്മേളന പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Advertising
Advertising

Full View

പ്രതിനിധി സമ്മേളനത്തിന്‍റെ രണ്ടാം ദിനം ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. പോലീസില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മറുപടി പറഞ്ഞ കോടിയേരി ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് തുറന്നു സമ്മതിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വഴി സംസ്ഥാന പോലീസ് ഇടപെടുകയാണ്. ഇത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കേരള പോലീസില്‍ എസ്ഐമാര്‍ ഉള്‍പ്പെടെ 10 ശതമാനം പേര്‍ ആര്‍എസ്എസ്സുകാരാണ്. അതിന്‍റെ ചില പോരായ്മകള്‍ ആഭ്യന്തര വകുപ്പിലുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും കര്‍ശനമായി ഇടപെടുമെന്നും കോടിയേരി പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് പ്രതിനിധികള്‍ ചോദ്യമുന്നയിച്ചു.

ഏതെങ്കിലും ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ലകള്‍ ഉണ്ടാകുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് കോടിയേരി മറുപടി നല്‍കി. ജില്ലാ വിഭജനമെന്നത് മത - സാമുദായിക ശക്തികളുടെ ആവശ്യമാണ്. പുതിയ ജില്ലകള്‍ ആവശ്യമെങ്കില്‍ ശാസ്ത്രീയ പഠനം നടത്തിയ ശേഷം രൂപീകരിക്കാവുന്നതാണ്. ഇതിനായി പാര്‍ട്ടി മുന്‍കൈ എടുക്കുമെന്നും കോടിയേരി പറഞ്ഞു.

മലപ്പുറത്തിന്‍റെ തീരദേശ മേഖലകളില്‍ ആര്‍എസ്എസ്, എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് സിപിഎം ആക്രമണം നേരിടുന്ന കാര്യം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു. ഇത്തരം സംഭവങ്ങളില്‍ പോലീസിനെ ഫലപ്രദമായി ഇടപെടീക്കാന്‍ ജില്ലാ നേതൃത്വത്തിന് ആകുന്നില്ലെന്ന വിമര്‍ശവും ഉയര്‍ന്നു. സമ്മേളനം ഇന്ന് സമാപിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News