കേരള സാഹിത്യ അക്കാദമിയില്‍ പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍; 20,76,482 പേജുകളുടെ സ്കാനിംഗ് പൂര്‍ത്തിയായി

ആദ്യ മലയാള പുസ്തകമായ സംക്ഷേപ വേദാര്‍ത്ഥം, കേരളത്തില്‍ ആദ്യം അച്ചടിച്ച മലയാള പുസ്തകമായ ചെറു പൈതങ്ങള്‍ക്കുപകാരാര്‍ത്ഥം എന്നിവയുള്‍പ്പെടെ ഡിജിറ്റര്‍ രൂപത്തില്‍ അക്കാദമിയില്‍ തയ്യാറായി കഴിഞ്ഞു.

Update: 2018-06-28 05:36 GMT

പ്രസാധനം നിര്‍ത്തിയതും ഇപ്പോള്‍ എവിടെയും ലഭ്യമല്ലാത്തതുമായ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കി കേരള സാഹിത്യ അക്കാദമിയില്‍ പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ടമായി 11,965 പുസ്തകങ്ങളുടെ സ്കാനിംഗ് പൂര്‍ത്തിയായി. പ്രസാധകര്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്ത ആയിരത്തോളം പുസ്തകങ്ങളും ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ ചെയ്തവയില്‍ ഉള്‍പ്പെടുന്നു

2076482 പേജുകളുടെ സ്കാനിംഗ് ആണ് പൂര്‍ത്തിയായത്. ആദ്യ മലയാള പുസ്തകമായ സംക്ഷേപ വേദാര്‍ത്ഥം, കേരളത്തില്‍ ആദ്യം അച്ചടിച്ച മലയാള പുസ്തകമായ ചെറു പൈതങ്ങള്‍ക്കുപകാരാര്‍ത്ഥം എന്നിവയുള്‍പ്പെടെ ഡിജിറ്റര്‍ രൂപത്തില്‍ അക്കാദമിയില്‍ തയ്യാറായി കഴിഞ്ഞു.

Advertising
Advertising

അഞ്ച് പതിറ്റാണ്ടിന് മുമ്പിറങ്ങിയ പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് ഡിജിറ്റല്‍വല്‍ക്കരണം തീരുമാനിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇഴഞ്ഞ് നീങ്ങുകയായിരുന്നുവെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ പറഞ്ഞു.

Full View

സ്വകാര്യ പ്രസാധകരുടെ വൈബ് സൈറ്റുകളുമായി പരസ്പരം ബന്ധിപ്പിച്ച് ഏത് സൈറ്റില്‍ കയറിയാലും മലയാളത്തിലെ ഏത് പുസ്തകത്തിന്റെ വിവരങ്ങളും ലഭ്യമാകുന്ന സംവിധാനവും അക്കാദമിയുടെ ലക്ഷ്യമാണെന്നും സെക്രട്ടറി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ കഴിഞ്ഞ വര്‍ഷം ഡിജിറ്റലൈസേഷന് അനുവദിച്ചിരുന്നു. അക്കാദമിയും തങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഒരു വിഹിതം ഇതിനായി മാറ്റി വെക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളില്‍ നിന്നുള്‍പ്പെടെ നിരവധി ഗവേഷകരാണ് പുസ്തകങ്ങള്‍ തേടി സാഹിത്യ അക്കാദമിയില്‍ എത്താറുള്ളത്.

Tags:    

Similar News