യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് സുധീരന്‍ രാജിവെച്ചു

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പരസ്യകലാപമാണ് സുധീരന്‍ ഉയര്‍ത്തിയത്. മാണി തിരിച്ചെത്തിയ യുഡിഎഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിവന്ന് പരസ്യപ്രതികരണം നടത്തി.

Update: 2018-08-02 12:38 GMT

വി.എം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു. ഇ മെയില്‍ മുഖേനയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ രാജിക്കാര്യം അറിയിച്ചത്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിലെ പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയാണ് സുധീരന്‍റെ നടപടി.

‘യുഡിഎഫ് ഉന്നതാധികാര സമിതിയല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെക്കുകയാണ്. തുടര്‍നടപടികള്‍ സ്വീകരിക്കുമല്ലോ. ഇക്കാര്യം യുഡിഎഫ് കണ്‍വീനറെയും അറിയിച്ചിട്ടുണ്ട്.’ സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസനയച്ച ഇ മെയിലിന്‍റെ ഉള്ളടക്കം ഇതാണ്. രാജിയുടെ കാരണം ഇ മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രാജ്യസഭാ സീറ്റ് വിവാദമാണ് കാരണമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertising
Advertising

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പരസ്യകലാപമാണ് സുധീരന്‍ ഉയര്‍ത്തിയത്. മാണി തിരിച്ചെത്തിയ യുഡിഎഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിവന്ന് പരസ്യപ്രതികരണം നടത്തി. തുടര്‍ന്നു നടന്ന കെ.പി.സി.സി നേതൃയോഗത്തില്‍ പ്രതിഷേധം അറിയിച്ചു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ വിമര്‍ശം മാധ്യമങ്ങളിലൂടെയും നടത്തി. എന്നാല്‍ പാര്‍ട്ടിക്കകത്തും പുറത്തും സുധീരന്‍ ഉന്നയിച്ച വിമര്‍ശങ്ങളെ അവഗണിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.

തന്നെ അവഗണിച്ച് പോകാനുള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനത്തോടുള്ള അമര്‍ഷമാണ് സുധീരന്‍ രാജിയിലൂടെ പ്രകടിപ്പിക്കുന്നത്. രാജി സംബന്ധിച്ച പരസ്യ പ്രതികരണത്തിന് സുധീരന്‍ തയാറായിട്ടില്ല. സുധീരനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂര്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനം വൈകുകയും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തയാറെടുപ്പ് തുടങ്ങാനാകിതിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന് സുധീരന്‍റെ പ്രതിഷേധവും തലവേദനയാകും.

Tags:    

Similar News