പ്രളയത്തോടെ സ്തംഭിച്ച വികസന പദ്ധതികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീര വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Update: 2018-09-27 14:09 GMT

സംസ്ഥാനത്തെ കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീര വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനതല ബാങ്കിങ് കമ്മിറ്റിയുടെ നിബന്ധനകള്‍ ഒഴിവാക്കിയാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം തുടങ്ങിയവ വേഗത്തില്‍ പുനരാരംഭിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു.

കേരള പുനർസൃഷ്ടിക്ക് മേൽനോട്ടം വഹിക്കാന്‍ സർവീസിൽ ഉള്ളവരെയും വിരമിച്ചവരെയും സാങ്കേതിക വിദഗ്ധരെയും ഉൾക്കൊള്ളിച്ച് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തും. ഉപജീവനം നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിലായിരിക്കും. റേഷന്‍ മുന്‍ഗണന വിഭാഗം, അഗതികള്‍, പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മൂന്ന് മാസക്കാലത്തേക്കുള്ള ഉപജീവനകിറ്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Advertising
Advertising

വാര്‍ഷിക പദ്ധതി വിഹിതത്തില്‍ 20 ശതമാനം കുറവ് വരുത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് ഒഴിവാക്കില്ല. ചലച്ചിത്രമേള നടത്തുന്നതില്‍ അനിശ്ചിതത്വമില്ലെന്നും സ്പോൺസർഷിപ്പ് കണ്ടെത്തി മേള നടത്താമെന്ന് അക്കാദമി തന്നെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്ന കാര്യം രാവിലെ മന്ത്രിസഭായോഗവും ചര്‍ച്ച ചെയ്തിരുന്നു.

Full View
Tags:    

Similar News