കോടതിയെ പബ്ലിസിറ്റിക്കായി ഉപയോഗിക്കരുത്; ശോഭ സുരേന്ദ്രന് 25000 രൂപ പിഴ

ഹരജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന ശോഭയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

Update: 2018-12-04 10:44 GMT

ശബരിമല വിഷയത്തില്‍ പൊലീസ് ഇടപെടല്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. അനാവശ്യ ഹരജി നല്‍കിയതിന് 25000 രൂപ പിഴ ചുമത്താനും ഹൈക്കോടതി ഉത്തരവിട്ടു. ഹരജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന ശോഭയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ശബരിമല വിഷയത്തില്‍ പൊലീസുകാരുടെ വീഴ്ചക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ദുരുദ്ദേശ പരമായ ഹരജിയാണിതെന്ന് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം അനാവശ്യ ഹർജികൾ തടയുന്നതിന് സമൂഹത്തിന് ഒരു സന്ദേശം നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 25000 രൂപ പിഴ ചുമത്താന്‍ ഉത്തരവായത്. ഹർജി പിൻവലിച്ച് നിരുപാധികം മാപ്പ് പറയാമെന്ന് ശോഭ സുരേന്ദ്രന്റെ അഭിഭാഷകൻ പറഞ്ഞങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹർജി തള്ളുകയായിരുന്നു.

Advertising
Advertising

Full View

ശബരിമലയില്‍ ഹൈക്കോടതി ജഡ്‌ജിയെയും കേന്ദ്രമന്ത്രിയെയും തടയുന്ന അവസ്ഥയുണ്ടായെന്ന് ശോഭയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പഴയ കേസുകൾ ആണ് ഹർജിയിൽ പറയുന്നതെന്നും അതും നിലവിലെ ആവശ്യവും കൂടി കൂട്ടി വായിക്കേണ്ടെന്നും കോടതി ചൂണ്ടികാട്ടി. അനാവശ്യ വാദങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നും പരീക്ഷണത്തിനായി ഹരജികള്‍ നല്കാനുളള സ്ഥലമല്ല കോടതികളെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

എന്നാല്‍ പിഴ ഒടുക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രന്‍‍ പ്രതികരിച്ചു.

Full View

ഇതിനിടെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാനിന് അനുമതി ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Tags:    

Similar News