ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സി പുനസംഘടിപ്പിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സിയില്‍ പുനസംഘടന നടത്താനാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ തീരുമാനമായത്.

Update: 2018-12-16 04:15 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണ. ഇതിന്റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശക്തമായ പ്രചരണം നടത്താനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പാര്‍ലമെന്റ് സമ്മേളനത്തിനായി ദില്ലയിലെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തും. രാഹുലിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനസംഘടന സംബന്ധിച്ച തുടര്‍കാര്യങ്ങളിലേക്ക് കെ.പി.സി.സി കടക്കുക. ജനുവരിയോട് കൂടി പുനസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇപ്പോഴത്തെ ദുര്‍ബലമായ സംഘടനാ സംവിധാനം തെരഞ്ഞെടുപ്പിന് മുന്‍പ് സുസജ്ജമാക്കാന്‍ ഹൈക്കമാന്റ് മുല്ലപ്പള്ളിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് 14 ജില്ലകളിലും എത്തും. ജനുവരി അവസാനം രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കൊച്ചി റാലിക്ക് മുന്നോടിയായിട്ടായിരിക്കും വാസ്നിക്കിന്റെ പര്യടനം. ഡി.സി.സി തലത്തില്‍ ഇപ്പോഴുള്ള ജംബോ ഭാരവാഹി പട്ടിക ചുരുക്കലാകും കെ.പി.സി.സിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രചരണം നടത്തുന്ന കാര്യത്തിലും രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ധാരണയായി. വനിതാ മതിലിനെതിരെ ഈ മാസം 28ന് മണ്ഡലം തലങ്ങളില്‍ പര്യടനം നടത്തും. 20 മുതല്‍ 23 വരെ വീടുകള്‍ കയറി പ്രചരണം നടത്താനും തീരുമാനമായിട്ടുണ്ട്.

Full View
Tags:    

Similar News