എ.കെ ആന്റണിയുടെ മകന്‍ കെ.പി.സി.സി ഡിജിറ്റല്‍ സെല്‍ കണ്‍വീനര്‍, യുവനേതാക്കളില്‍ അതൃപ്തി
ഇത് ആന്റണിയുടെ മകന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ തുടക്കമായാണ് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ കാണുന്നത്. കെ.പി.സി.സി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ചുവടുവെയ്പിന്റെ തുടക്കമായായും
എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പാര്‍ട്ടി ചുമത നല്‍കിയതില്‍ കോണ്‍ഗ്രസിലെ യുവനിരക്ക് അതൃപ്തി. മക്കള്‍ വാഴ്ചയെ എതിര്‍ത്ത ആന്റണിയുടെ മകന്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമോ എന്ന ആശങ്കയാണ് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ക്ക്. പാര്‍ട്ടി ചുമതലയല്ലെന്നും സാങ്കേതിക വൈദഗ്ധ്യത്തെ ഉപയോഗിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് നേതാക്കളുടെ വിശദീകരണം.
കെ.പി.സി.സി ഡിജിറ്റല്‍ സെല്ലിന്റെ കണ്‍വീനറായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി നിയമിക്കപ്പെട്ടതാണ് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടത്. ഇത് ആന്റണിയുടെ മകന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ തുടക്കമായാണ് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ കാണുന്നത്. കെ.പി.സി.സി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ചുവടുവെയ്പിന്റെ തുടക്കമായായും യുവ നേതാക്കള്‍ ഇതിനെ കാണുന്നു. ഒരു കാലത്ത് മക്കള്‍ വാഴ്ചയെ ശക്തിയുക്തം എതിര്‍ത്തയാളാണ് എ.കെ ആന്റണി. അതേ ആന്റണിയുടെ മകന്‍ തന്നെ പെട്ടെന്നൊരു ദിനം സംസ്ഥാന തലത്തിലേക്ക് എത്തുന്നതിലെ വൈരുധ്യമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ പാര്‍ട്ടി നേതൃസ്ഥാനമല്ലെന്നും സാങ്കേതികമായ ഒരു ചുമതല മാത്രമാണെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കുന്നത്. നേരത്തെ ഗുജറാത്തിലും ഡല്‍ഹിയിലും കോണ്‍ഗ്രസിന് വേണ്ടി ഡിജിറ്റല്‍ മേഖലയില്‍ അനില്‍ ആന്റണി പ്രവര്‍ത്തിച്ചിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് കേരളത്തില്‍ ചുമതല ഏല്‍പ്പിച്ചതെന്നും നേതൃത്വം പറയുന്നു. ഡിജിറ്റല്‍ സെലിന്റെ ചുമതലയുള്ള ശശി തരൂരൂം അനിലിന്റെ വരവിനെ സ്വാഗതം ചെയ്തു.
നേതാക്കളുടെ വിശദീകരണത്തില്‍ യുവനിര തൃപ്തരല്ല. സാങ്കേതിക ചുമതല മാത്രമാണെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ ഇത് പ്രഖ്യാപിച്ചതെന്താണെന്ന മറുചോദ്യമാണ് യുവനേതാക്കള്‍ ചോദിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും അനില്‍ ആന്റണിയുടെ നിയമനത്തിനെതിരെ വിമര്‍ശം ഉയരുന്നുണ്ട്.