മുനമ്പം വഴി അനധികൃതകുടിയേറ്റം; കസ്റ്റഡിയിലുള്ളവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭ്യമാക്കാനാവശ്യമായ നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Update: 2019-01-21 07:16 GMT

മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ അറസ്റ്റിലായവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലെടുത്ത ദീപക് എന്ന പ്രഭുവിനെയും ബോട്ടിന്റെ സഹ ഉടമ അനില്‍കുമാറിനെയുമാണ് ചോദ്യം ചെയ്യുക. കേസില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെയാണ് അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭ്യമാക്കാനാവശ്യമായ നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശ ബന്ധം സംശയിക്കുന്ന കേസായതിനാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്.

Advertising
Advertising

മുനമ്പത്ത് നിന്ന് ഇരുനൂറോളം പേര്‍ ന്യൂസിലാന്റിലേക്ക് പോയതായാണ് കസ്റ്റഡിയിലുള്ള പ്രഭു പൊലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ ഒരു മാസത്തിനിടെ നാനൂറോളം ആളുകള്‍ തീരം വിടാന്‍ ശ്രമിച്ചതായും മൊഴിയിലുണ്ട്. വിദേശത്തേക്ക് കടന്നവര്‍ ശ്രീലങ്കന്‍ തമിഴ് വംശജരാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ബോട്ട് ഉടമ ശ്രീകാന്തനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ ഇയാള്‍ വിദേശരാജ്യങ്ങളിലുള്ളവരുമായി പണമിടപാട് നടത്തിയതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഡല്‍ഹി സ്വദേശി പ്രഭു ഇടനിലക്കാരനാണോ എന്ന സംശയവും പൊലീസിനുണ്ട്.

Tags:    

Similar News