സെസ്, നികുതി വര്‍ദ്ധനവ്; വിഭവ സമാഹരണം ലക്ഷ്യമിട്ട് തോമസ് ഐസകിന്റെ ബജറ്റവതരണം

5 ശതമാനത്തിലധികം ജി.എസ്.ടിയുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി. 

Update: 2019-01-31 08:11 GMT

സെസിലിലൂടെയും നികുതി വര്‍ധനവിലൂടെയും വിഭവ സമാഹരണം ലക്ഷ്യമിട്ട് ഡോ.തോമസ് ഐസകിന്റെ ബജറ്റവതരണം. 5 ശതമാനത്തിലധികം ജി.എസ്.ടിയുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി. മദ്യത്തിനും മോട്ടോര്‍ വാഹനങ്ങള്‍ക്കും വിലവര്‍ധിക്കും. ഭൂമിയുടെ ന്യായവിലയും 10 ശതമാനം വര്‍ധിപ്പിച്ചു.

Full View

പ്രളയ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താനായി ജി.എസ്.ടി കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനുസരിച്ചുള്ള പ്രളയ സെസ് ധനമന്ത്രി പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും ഒരു ശതമാനമാണ് സെസ്. രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് .25 ശതമാനാണ് സെസ്പ. സംസ്ഥാനത്തിന് നികുതി വര്‍ധിപ്പിക്കാന്‍ കഴിയുന്ന എല്ലാ മേഖലയിലും നികുതി കൂട്ടി. ബിയല്‍ വൈന്‍ ഉള്‍പ്പെടെ എല്ലാ മദ്യത്തിനും 2 ശതമാനം നികുതി വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചതിലൂടെ ഭൂമി രജിസ്ട്രേഷന്‍ ചെലവും വര്‍ധിക്കും. 400 കോടി രൂപയാണ് ഈ ഇനത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Advertising
Advertising

മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അടയ്ക്കേണ്ട ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചതിലൂടെ 180 കോടി രൂപ കണ്ടെത്തും. ഭൂമി രജിസ്ട്രേഷനിലെ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏര്‍പ്പെടുത്തി. 200 കോടി രൂപ ഇതിലൂടെ പ്രതീക്ഷിക്കുന്നു. പാട്ടക്കുടിശ്ശിക തീര്‍പ്പാക്കുന്നതിനും വാട്ട് കുടശ്ശികക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏര്‍പ്പെടുത്തി. സിനിമ ടിക്കറ്റുകള്‍ വിനോദ നികുതി 10 ശതമാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ജി.എസ്.ടി വരുമാനം 30 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നികുതി ചോര്‍ച്ച തടയാനും നികുതി പിരിവ് ഊര്‍ജിതമാക്കാനും കര്‍മ പദ്ധതി ബജറ്റില്‍ ‍പ്രഖ്യാപിച്ചിട്ടുണ്ട്. ആഡംബര കെട്ടിടങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. നികുതി പിരിവ് ഊര്‍ജിതമാക്കാനും സംസ്ഥാനത്തിന് അധികാരമുള്ള മേഖലയില്‍ നികുതി വര്‍ധനവ് നടത്തിയും പ്രളയ സെസ് നടപ്പിലാക്കിയും പുനര്‍നിര്‍മാണത്തിന് തുക കണ്ടെത്താനാണ് ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചത്.

Tags:    

Similar News