സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്
എത്രയും വേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
ലോക്സഭ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് യോഗം ചേര്‍ന്നു. സമിതിയംഗങ്ങളുമായി നേതാക്കള്‍ വെവ്വേറെ ചര്‍ച്ച നടത്തി. മത്സരിക്കാനില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നേതാക്കളെ അറിയിച്ചു. എത്രയും വേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
രാവിലെ ചേര്‍ന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം സ്ഥാനാര്‍ഥികളെക്കുറിച്ച് നേരിട്ട് ചര്‍ച്ചയിലേക്ക് പോയില്ല. വിജയ സാധ്യതയും സാമുദായിക സമവാക്യവും പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടെ പ്രാതിനിധ്യവും എല്ലാം പരിഗണിച്ച് സ്ഥാനാര്‍ഥികളെ തീരുമാനിക്കണമെന്ന മാനദണ്ഡം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‍നിക്, കെ.പി.സി.സി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ മറ്റംഗങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞു. ഓരോരുത്തരുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ചയാണ് നടത്തിയത്. ഈ ചര്‍ച്ചയിലാണ് വി.എം സുധീരന്‍ മത്സരിക്കാനില്ലെന്ന കാര്യം അറിയിച്ചത്. പ്രാഥമിക ചര്‍ച്ച നടന്നെന്നും ഹൈകമാന്‍ഡിന് പട്ടിക വൈകാതെ കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു.
യു.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തിയാകും ഹൈകമാന്‍ഡിന് കൈമാറാനുള്ള പട്ടിക തയാറാക്കുക. സിറ്റിങ് സീറ്റുകളില്‍ നിലവിലെ എം.പിമാര്‍ക്കാണ് സാധ്യത. സിറ്റിങ് എം.പിയുടെ പേരില്ലാതെ പാനല്‍ തയാറാക്കിയ പത്തനംതിട്ട ഡി.സിക്ക് യോഗത്തില്‍ വിമര്‍ശമുണ്ടായി. പി.സി ചാക്കോ ഉള്‍പ്പെടെ ഏതാനും മുതിര്‍ന്ന നേതാക്കളും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.