അതിശയിപ്പിക്കുന്ന ഡ്രിബ്ലിങുമായി പന്ത്രണ്ട് വയസ്സുകാരന്‍, അഭിനന്ദനങ്ങളുമായി ഇയാന്‍ ഹ്യൂം; വീഡിയോ വൈറല്‍
കാസര്‍ഗോഡ് പരപ്പ അഡൂരിലെ പന്ത്രണ്ട് വയസ്സുകാരന്‍റെ ഫുട്ബോള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അഞ്ചിലധികം കളിക്കാരെ ഡ്രിബിള്‍ ചെയ്ത് ബോള്‍ വലയിലാക്കുന്ന മഹ്‍റൂഫിന്റെ വീഡിയോയാണ് വൈറലായത്. ഈ വീഡിയോ പിന്നീട് ഫുട്ബോള്‍ ഡോട്ട് കോം ഡോട്ട് ഇന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെ വീഡിയോയിലെ കളിക്കാരനെക്കുറിച്ചുള്ള അന്വേഷണങ്ങളായി. പലരും അമ്പരപ്പിക്കുന്ന കളി കാഴ്ച്ച വെച്ച മഹ്‌റൂഫിനെ ഏറ്റെടുക്കാനും ഫുട്ബോള്‍ കളിപ്പിക്കാനും തയ്യാറായി വന്നു. കാസർഗോട്ട് ജില്ലയിലെ പരപ്പ അഡൂർ ജി.എച്ച്.എസ്.എസ് സ്‌കൂൾ വിദ്യാർത്ഥിയാണ് 12 വയസ്സുകാരനായ മഹ്‌റൂഫ്.
വൈറലായ മഹ്‍റൂഫിന്റെ വീഡിയോ കണ്ട് അന്വേഷണം കേരളവും കടന്ന് കാനഡ വരെയെത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ വിദേശ താരം ഇയാൻ ഹ്യും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ച പയ്യന്റെ കളി കണ്ട് ഞെട്ടിയിരിക്കുകയാണ്. ചെന്നൈയിന്‍ എഫ്.സി താരമായ മുഹമ്മദ് റാഫി, കേരള ബ്ലാസ്റ്റേഴ്സ് താരമായ അനസ് എടത്തൊടിക എന്നിവരും മഹ്റൂഫിനെ അഭിനന്ദിച്ച് രംഗത്ത് വന്നു. അഭിനന്ദനം അറിയിച്ച എല്ലാവരോടും മഹ്റൂഫ് നന്ദി പറഞ്ഞു.