മലപ്പുറം: രാജ്യത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾ അധികാരത്തിൽ എത്തുകയും സംസ്ഥാനത്തെ ഇടതുപക്ഷ മുന്നണി അവരോട് തന്ത്രപരമായി സന്ധി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഭാഗമായതായി കേരള ജനപക്ഷം നേതാക്കൾ.
ജനപക്ഷം പാർട്ടിയുടെ ഓഫീസ് ചാർജുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഷൈജോ ഹസ്സൻ്റെ നേതൃത്വത്തിൽ 50 ഓളം ജനപക്ഷം പ്രവർത്തകരും പ്രാദേശിക നേതാക്കളും വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ചവരും ലീഗിന്റെ അംഗത്വം സ്വീകരിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടി അംഗത്വം നൽകി.
കേരള ജനപക്ഷം പാർട്ടി ബിജെപിയുടെ ഭാഗമായി മാറിയപ്പോൾ ആ നിലപാടിൽ പ്രതിഷേധിച്ച് ഒപ്പം പോകാതിരുന്ന നേതാക്കളാണ് ലീഗിന്റെ അംഗത്വം സ്വീകരിച്ചത്. വർഗീയതയോട് സന്ധി ചെയ്യാൻ ഒരുക്കമല്ലെന്നും നിലവിലെ സാഹചര്യത്തിൽ മുസ്ലിംലീഗ് എല്ലാ വിഭാഗം ജനങ്ങൾക്കും ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന പ്രസ്ഥാനമായി വളർന്നിരിക്കുകയാണെന്ന് അഡ്വ. ഷൈജോ ഹസ്സൻ പറഞ്ഞു.
പരസ്യപ്രചാരണത്തിന് കോടികൾ മുടക്കുന്ന സിപിഎം, ചൂരൽമലയിലെ ദുരന്തബാധിതർക്ക് സഹായം എത്തിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ മുസ്ലിം ലീഗ് ദുരന്തഭൂമിയിൽ വീട് നിർമ്മിച്ചു നൽകി മാതൃകയായി എന്നും അദ്ദേഹം പറഞ്ഞു. വിവിധ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. മുസ്ലിം ലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് കെ എ റിയാസുദ്ദീൻ സന്നിഹിതനായിരുന്നു. ജനപക്ഷം തൃശ്ശൂർ ജില്ലാ സെക്രട്ടറി ജോസ് കിഴക്കേപ്പീടിക, അഡ്വ. വി.കെ. ദേവാനന്ദ്,അഡ്വ. മുഹമ്മദ് സാജു,വിനോദ് എ. എൻ.,മുഹമ്മദ് റഫീഖ്,മുഹമ്മദ് ഹനീഫ്,സന്തോഷ് കുമാർ കെ. ആർ.,സനൽ ദാസൻ, എം.പി.ഹരികുമാർ,സി ജെ ജോസഫ്,കെ.എസ്. ഷാജി എന്നിവർ പ്രവർത്തകർക്ക് നേതൃത്വം നൽകി