കോഴിക്കോട് 25 പേര്‍ക്ക് ഷിഗല്ല രോഗലക്ഷണങ്ങള്‍; മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്

കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു.

Update: 2020-12-19 01:17 GMT

ഷിഗല്ല രോഗത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഇരുപത്തിയഞ്ച് പേര്‍ക്ക് സമാനലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.

Advertising
Advertising

അതുകൊണ്ട് തുറസ്സായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവര്‍ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.

Full View

കോര്‍പ്പറേഷന്‍ പരിധിയില്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴത്താണ് കഴിഞ്ഞ ദിവസം ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അസുഖം മൂര്‍ച്ഛിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 25 പേര്‍ക്ക് സമാന ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 9 പേര്‍ കുട്ടികളാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ രോഗം ഗുരുതരമായാല്‍ മരണ സാധ്യത കൂടുതലാണ്.

12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസ്സിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Tags:    

Similar News