Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ യുഎസ് ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായി കേരളത്തിലെ കയറ്റുമതി രംഗം. കേരളത്തിൻ്റെ ആകെ കയറ്റുമതി വരുമാനമായ 40,000 കോടിയിൽ 70 ശതമാനം വരുന്ന മത്സ്യ - കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയെ സാരമായി തന്നെ ബാധിക്കും. പകരം വിപണി കണ്ടെത്തിയാലും യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടത്തിന് പരിഹാരമാവില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
തുണിത്തരങ്ങൾ, കയറുത്പന്നങ്ങൾ,തേയില, കശുവണ്ടി, സുഗന്ധ ദ്രവ്യങ്ങൾ, ചെമ്മീനുൾപ്പടെയുള്ള സമുദ്രോത്പന്നങ്ങൾ, ഫർണീച്ചർ തുടങ്ങിയവയാണ് കേരളത്തില് നിന്നും പ്രധാനമായും യുഎസ് വിപണിയിലെത്തുന്ന ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ചയിൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ തന്നെ ഈ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിലായിരുന്നു.
അധിക തീരുവ കേരത്തിന്റെ കയറ്റുമതി വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്നർത്ഥം. പകരം വിപണി കണ്ടെത്തിയാലും തിരിച്ചടിയുടെ ആഘാതം കുറക്കാനാകില്ല. അധിക ചിലവ് ഒഴിവാക്കാനായി യുഎസ് കമ്പനികൾ ഇന്ത്യക്ക് പകരം മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ വിപണിയിലേക്കുള്ള തിരിച്ചു വരവ് പോലും സാധ്യമാകില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.